ഡോണൾഡ് ട്രംപിന് ആശ്വാസമായി സുപ്രീംകോടതി വിധി; രാജ്യത്തെ ഫെഡറല്‍ കോടതികൾക്കുള്ള അധികാര പരിധി കുറച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ ആത്മവിശ്വാസവും ആശ്വാസവുമായി സുപ്രീംകോടതിയുടെ രാജ്യത്തെ ഫെഡറല്‍ കോടതികൾക്കുള്ള അധികാര പരിധി കുറച്ചുള്ള പുതിയ വിധി. ട്രംപ് കൂടുതൽ അധികാരം നേടാൻ ശ്രമിക്കുമ്പോൾ, എക്സിക്യൂട്ടീവ് അധികാരത്തിന്‍റെ മേലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിത്. ജഡ്ജിമാർക്ക് സർക്കാരിന്‍റെ നടപടികൾ നിയമവിരുദ്ധമാണെങ്കിൽ പോലും അവയെ പെട്ടെന്ന് തടയാനുള്ള അധികാരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പൗരത്വം ജന്മാവകാശമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിന് പ്രാബല്യം നൽകുന്നതാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

സുപ്രീം കോടതിയുടെ പുതിയ വിധി പൗരത്വ വിഷയത്തിനപ്പുറം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. കീഴ്ക്കോടതികളിലെ ജഡ്ജിമാരുടെ കൈകൾ സുപ്രീം കോടതി ഫലത്തിൽ കെട്ടിയിടുകയാണ് എന്നുള്ളതാണ് അതിലെ പ്രധാന കാര്യം. ഭരണകൂടത്തിന്‍റെ നടപടികൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ അവയെ വേഗത്തിൽ തടയാനുള്ള കീഴ്ക്കോടതികളുടെ അധികാരം ട്രംപ് 2.0 ഭരണകാലത്തെ ഫലപ്രദമായ നിയന്ത്രണമായിരുന്നു. ഒരു ഏജൻസിയെ അടച്ചുപൂട്ടുകയോ മതിയായ നടപടിക്രമങ്ങളില്ലാതെ കുടിയേറ്റക്കാരെ വിദേശ ജയിലുകളിലേക്ക് അയയ്ക്കുകയോ ചെയ്യുന്നത് പോലുള്ള കാര്യങ്ങളിൽ തടയിടാൻ ഫെഡറല്‍ കോടതികൾക്ക് സാധിച്ചിരുന്നു.