പോരാടുമെന്ന് ട്രംപിന്റെ പ്രതികരണം, പക്ഷേ കാര്യങ്ങൾ എളുപ്പമല്ല; അമേരിക്കയിൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി

വാഷിംഗ്ടൺ: അമേരിക്കയിലെ നഗരങ്ങളിൽ ക്രമസമാധാന പാലനത്തിനായി നാഷണൽ ഗാർഡ് സൈന്യത്തെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഷിക്കാഗോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കാനുള്ള അധികാരം പ്രസിഡന്റിനില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
1908-ലെ ഒരു നിയമപ്രകാരം, രാജ്യത്തെ സാധാരണ സൈന്യത്തെ ഉപയോഗിച്ച് നിയമങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. എന്നാൽ ഷിക്കാഗോയിലെ സാഹചര്യത്തിൽ ഇത്തരമൊരു നീക്കത്തിന് മതിയായ നിയമപരമായ അടിത്തറയില്ലെന്ന് 6-3 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു.

പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ നിയമത്തിൽ പറയുന്ന ‘സാധാരണ സൈന്യം’ എന്നത് ഫെഡറൽ ഏജന്റുമാരെ അല്ല, മറിച്ച് അമേരിക്കൻ സൈന്യത്തെ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ, 19-ാം നൂറ്റാണ്ടിലെ ‘ഇൻസറക്ഷൻ ആക്ട്’ പ്രയോഗിച്ച് ആഭ്യന്തര കാര്യങ്ങളിൽ സൈന്യത്തെ നേരിട്ട് ഇറക്കാൻ ട്രംപ് ശ്രമിക്കുമോ എന്ന ചർച്ചയും സജീവമായിട്ടുണ്ട്. സാധാരണ ഗതിയിൽ ആഭ്യന്തര പ്രശ്നങ്ങളിൽ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണെങ്കിലും, ഈ നിയമം വഴി ആ വിലക്കിനെ മറികടക്കാൻ പ്രസിഡന്റിന് സാധിക്കും.

ജസ്റ്റിസുമാരായ സാമുവൽ അലിറ്റോ, ക്ലാരൻസ് തോമസ്, നീൽ ഗോർസച്ച് എന്നിവർ വിധിയോട് വിയോജിച്ചു. ഫെഡറൽ ഉദ്യോഗസ്ഥരെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. ഇമിഗ്രേഷൻ നിയമങ്ങൾ (ICE) നടപ്പിലാക്കുന്നതിനും പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനുമായി ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് ഈ വിധി വലിയ തടസമാകും. വാഷിംഗ്ടൺ ഡിസി, ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ് തുടങ്ങിയ നഗരങ്ങളിലെ സൈനിക വിന്യാസത്തെയും ഈ വിധി ബാധിച്ചേക്കാം. ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കാൻ താൻ പോരാടുമെന്നുമാണ് ട്രംപിന്റെ പ്രതികരണം.

More Stories from this section

family-dental
witywide