ഈ ട്രംപിന് ഇതെന്ത് പറ്റി? ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന, അയഞ്ഞ് യുഎസ് പ്രസിഡൻ്റ്

വാഷിംഗ്ടൺ: ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. എന്നാൽ തീരുവ നിരക്ക് പൂജ്യമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145  ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയത്. തിരിച്ചടിയെന്ന നിലയ്ക്ക് ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനമായി ആയി തീരുവ വര്‍ദ്ധിപ്പിച്ചു.

ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്തില്ല. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുവ വിഷയത്തില്‍ ചൈനയോടുള്ള നിലപാടില്‍ അയവ് വരുത്തുന്നതായി സൂചന നല്‍കിയത്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്ക് തയാറാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കരാറിലെത്താന്‍ ചൈനയോ ഷി ജിന്‍പിങ്ങോ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ചൈനീസ് പ്രസിഡൻ്റ് നല്ല വ്യക്തിയായിരിക്കുമെന്നും, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.