
കെഎച്ച്എൻഎ ന്യൂസ് ഡെസ്ക്
ഹ്യൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ലോൺ സ്റ്റാർ – ഹ്യൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്.
പ്രവാസി മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ യുവനേതൃത്വമാണ് സൂര്യജിത്തിൻ്റേത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു പ്രതിഭാധനനായ ഗായകൻ കൂടിയാണ്.
സനാതന ധർമ്മത്തിൽ അടിയുറച്ച നിലപാടുകൾ പങ്കുവെക്കുന്ന അദ്ദേഹത്തിൻ്റെ ദർശനം ഇതാണ്:”സനാതന ധർമ്മത്തിൽ നാം ഒന്നിക്കുമ്പോൾ, ഭാരതത്തിൻ്റെ പുരാതന പ്രൗഢി വീണ്ടും ഉണരും. ശക്തിയിലും, ഐക്യത്തിലും, ശാശ്വത മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ‘വിശ്വഗുരു രാഷ്ട്രം’ പടുത്തുയർത്താൻ ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തെ പ്രചോദിപ്പിക്കുക എന്നതാണ് എൻ്റെ ദർശനം”

സൂര്യജിത്ത് സുഭാഷിന്റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്കാരിക ഉണർവിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കെഎച്ച്എൻഎയുടെ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു.
Suryajit Subhash takes over as KHNA Lone Star – Houston RVP














