യുഎസിൽ ജീവനുള്ള ആമയെ കളിപ്പാട്ടമാക്കി അനധികൃത കയറ്റുമതി; പ്രതി പിടിയിൽ

ന്യൂയോർക്ക്: യുഎസിൽ ജീവനുള്ള ആമകളെ കളിപ്പാട്ടമെന്ന് രേഖപ്പെടുത്തി കയറ്റുമതി ചെയ്ത്‌ ചെയ്ത ചൈനീസ് പൗരൻ കിയാങ് ലിൻ അറസ്റ്റിലായി. അധികൃതർ നടത്തിയ അതിർത്തി പരിശോധനയ്ക്കിടെയാണ് ലിന്നിനെ പിടികൂടിയത്. ന്യൂയോർക്കിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഇയാൾ കുറ്റസമ്മതം നടത്തി. പരമാവധി അഞ്ച് വർഷം തടവും മൂന്ന് വർഷം നിരീക്ഷണത്തിലുള്ള വിടുതലും, 250,000 ഡോളർ വരെ പിഴയോ നിയമവിരുദ്ധ പ്രവർത്തനത്തിൽ നിന്നുള്ള ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ഇരട്ടിയോ ആണ് ലിന്നിനു ശിക്ഷ ലഭിക്കുക. ഡിസംബർ 23നാണ് കേസിന്റെ വിധി.

ലിൻ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് വർണാഭമായ അടയാള തോടുള്ള യുഎസിലെ തദ്ദേശീയ ഇനമായ ഈസ്റ്റേൺ ബോക്‌സ് ആമകളെയും ത്രീ-ടോഡ് ബോക്സ് ആമകളെയുമാണ്. ഒരോ ആമകളെയും ടേപ്പ് ചുറ്റി ബന്ധിച്ച്, സോക്സുകളിലാക്കി കെട്ടിട്ട് പൊതിഞ്ഞാണ് ഷിപ്പിങ് പെട്ടികളിലാക്കിയിരുന്നത്. പിന്നീട് പ്ലാസ്‌റ്റിക് കളിപ്പാട്ടങ്ങളെന്ന് രേഖപ്പെടുത്തി ആമകളെ കയറ്റി അയച്ചിരുന്നത്. ചൈന, ഹോങ്കോങ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ വളർത്തുമൃഗങ്ങളുടെ വിപണിയിൽ വലിയ മൂല്യമുള്ള ഒന്നാണ് യുഎസിലെ സംരക്ഷിത വർഗത്തിൽപ്പെടുന്ന ഈ ആമകൾ.

222 പാർസലുകളിലായി 850ഓളം അമകളെയാണ് ഇയാൾ ഇതുവരെ കയറ്റുമതി ചെയ്തത്‌. ഏകദേശം 1.4 മില്യൻ ഡോളർ വില വരുന്ന ആമകളെ ലിൻ യുഎസിൽ നിന്നും അനധികൃതമായി കടത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിനും 2024 നവംബറിനും ഇടയിൽ, ആമകൾ അടങ്ങിയ 200ലധികം പാഴ്സലുകളാണ് ഹോങ്കോങ്ങിലേക്ക് മാത്രം ഇയാൾ എത്തിച്ചത്. ആമയ്ക്കു പുറമേ, വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗങ്ങൾ നിറഞ്ഞ 11 പാഴ്‌സലുകളും ലിൻ കയറ്റുമതി ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide