
അമേരിക്കന്‍ സംസ്ഥാനമായ യുട്ടായിലെ ഹെറിമാനില്‍ ഡൊമിനോസ് റെസ്റ്റോറന്റിലേക്ക് എസ്യുവി ഇടിച്ചുകയറി വന്‍ തീപിടുത്തം. ഓടിക്കൂടിയവര്‍ വാഹനത്തില്‍ നിന്ന് ഡ്രൈവറെയും ഒരു യാത്രക്കാരനെയും അതി സാഹസികമായി രക്ഷിച്ചുവെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ഡൊമിനോസ് പിസ്സ റെസ്‌റ്റോറന്റിലേക്ക് വാഹനം ഇടിച്ചുകയറി ഗ്യാസ് ലൈന്‍ പൊട്ടിയാണ് സ്‌ഫോടനത്തിന് കാരണമായത്. വലിയ തീ നാളങ്ങളാണ് ഉയരുന്നത്. യൂട്ടായിലെ ഏറ്റവും വലിയ അഗ്‌നിശമന ഏജന്‍സിയായ യൂണിഫൈഡ് ഫയര്‍ അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ തീപിടുത്തത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍, കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നതും, അപ്പോള്‍ ഒരു സ്‌ഫോടനം കേള്‍ക്കുകയും അവശിഷ്ടങ്ങള്‍ വായുവില്‍ പറക്കുന്നതും കാണാം. സ്‌ഫോടനത്തിന് തൊട്ടുമുമ്പ്, ‘ധീരരായ രണ്ട് കാഴ്ചക്കാര്‍ വാഹനത്തില്‍ നിന്ന് ഡ്രൈവറെയും ഒരു യാത്രക്കാരനെയും രക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയെന്ന്’ അഗ്‌നിശമന ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അപകടത്തിൽ മൂന്നുവാഹനങ്ങൾ ഉൾപ്പെട്ടതായി വിവരമുണ്ട്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമിടിച്ചാണ് ഇവർക്ക് പരുക്കേറ്റതെന്നും സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് വിവരം. സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് 30 മിനിറ്റ് തെക്ക് പടിഞ്ഞാറ് മാറി റിവർട്ടണിനോട് ചേർന്നുള്ള ഒരു നഗരമാണ് ഹെറിമാൻ.