സീറോ മലബാര്‍ കണ്‍വെന്‍ഷന് ന്യൂയോര്‍ക്ക് ലോങ്ങ്‌ഐലന്‍ഡ് പള്ളിയില്‍ ഉജ്ജ്വല കിക്കോഫ്

ബീനാ വള്ളിക്കളം 

ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിച്ച കണ്‍വെന്‍ഷന്‍ ടീമിന് സ്‌നേഹപൂര്‍വ്വമായ സ്വീകരണം ഇടവകാംഗങ്ങള്‍ നല്‍കി. ഇടവക വികാരി ഫാദര്‍ ജോണ്‍സ്റ്റി തച്ചാറ, ട്രസ്റ്റിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍,ഇടവകജനം എന്നിവര്‍ ജൂബിലി കണ്‍വീനര്‍ ഫാദര്‍ ജോണ്‍ മേലേപ്പുറം ജൂബിലി ചെയര്‍മാന്‍ ജോസ് ചാമക്കാല, ബിജി സി. മാണി എന്നിവരെ സ്വാഗതം ചെയ്തു.

ഫാദര്‍ ജോണ്‍ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങള്‍ നല്‍കി. ജോസ് ചാമക്കാലയും, ബിജി സി. മാണിയും കണ്‍വെന്‍ഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഡിസംബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തി ഏര്‍ലി ബേര്‍ഡ് നിരക്കുകള്‍ ഉപയോഗപ്രദമാക്കുവാന്‍ ഏവരെയും ടീം ആഹ്വാനം ചെയ്തു.

ഇടവകയില്‍ നിന്നുള്ള കണ്‍വെന്‍ഷന്‍ പ്രതിനിധികളായ തോമസ് മാത്യു, ഷെറി ജോര്‍ജ് ,ജോസഫ് മാത്യു, മാത്യു കൊച്ചുപുരക്കല്‍ (ട്രസ്റ്റി) എന്നിവര്‍ രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. ട്രസ്റ്റിമാരായ കുര്യാക്കോസ് സെബാസ്റ്റ്യന്‍, ഷിനു എബ്രഹാം, സിബി ജോര്‍ജ് എന്നിവര്‍ കണ്‍വെന്‍ഷന്‍ ടീമിനോട് ചേര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികളില്‍ സഹകരിച്ചു. ഇടവകാംഗങ്ങളുടെ ആവേശപൂര്‍ണ്ണമായ പങ്കാളിത്തം കണ്‍വെന്‍ഷന്‍ ടീമിന് വലിയ ഊര്‍ജ്ജം പകര്‍ന്നു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂര്‍ണ്ണ പിന്തുണ വികാരിയച്ചന്‍ ഉറപ്പുനല്‍കി.

2026 ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് (McCormick Place) സിറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഒന്നിച്ച് ചേര്‍ക്കുന്ന ഈ സംഗമം, വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഏവര്‍ക്കും ഒന്നിച്ചു ചേരാനും, ആശയങ്ങള്‍ പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള അവസരമായിരിക്കും. ഈ കണ്‍വെന്‍ഷനില്‍ ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും, നാളിതുവരെ ഇടവകയെ നയിച്ചവര്‍ക്കുള്ള ആദരവും, വൈവിധ്യമാര്‍ന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളിലാണ് പരിപാടികള്‍ ഒരുക്കുന്നത്.

ഈ മഹത്തായ ആത്മീയ, സാംസ്‌കാരിക സംഗമത്തിലേക്ക് രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ക്ഷണിച്ചു. രൂപതയിലെ എല്ലാ പള്ളികളിലെയും കണ്‍വെന്‍ഷന്‍ പ്രതിനിധികളോട് ചേര്‍ന്ന് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദര്‍ശിക്കുവാന്‍ ശ്രമിക്കുന്നതായി കണ്‍വെന്‍ഷന്‍ ടീം അറിയിച്ചു. വിവരങ്ങള്‍ പങ്കുവയ്ക്കുക വഴി കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ എളുപ്പമാവുകയും കൂടുതല്‍ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയില്‍ പങ്കു ചേര്‍ക്കാന്‍ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.

ലോങ്ങ്‌ഐലന്‍ഡ് ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു. 30- ലേറെ രജിസ്‌ട്രേഷനുകള്‍ ഇടവകാംഗങ്ങള്‍ കണ്‍വെന്‍ഷന്‍ ടീമിന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.syroConvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Syro-Malabar Convention kicks off at New York’s Long Island Church

More Stories from this section

family-dental
witywide