
ഷോളി കുമ്പിളുവേലി
ന്യൂ ജേഴ്‌സി : ഇൻഡ്യയ്ക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ, ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ മെയ് 23,24,25 തീയതികളിൽ നടന്ന “ദിവ്യ കാരുണ്യ കോൺഗ്രസും” അതിനോടനുബന്ധിച്ചു നടത്തിയ “ദിവ്യ കാരുണ്യ പ്രദക്ഷിണവും” വിശ്വാസികൾക്ക് നവ്യമായ അനുഭവമായി.

ഷിക്കാഗോ രൂപതയിൽ ആദ്യമായാണ് തെരുവുവീഥികളിലൂടെ ദിവ്യ കാരുണ്യ പ്രദക്ഷിണം നടത്തുന്നത്. “ദിവ്യകാരുണ്യം” പ്രതിഷ്ഠിച്ച പ്രത്യേക പേടകം, രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ പന്ത്രണ്ടു വൈദികർ ചേർന്ന് വഹിച്ചു. സിറോ മലബാർ സഭയുടെ മേലധ്യക്ഷൻ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിലെ വിവിധ ഇടവകകളിലെ വികാരിമാർ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, അൾത്താര ശ്രുശ്രൂഷികൾ, ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ, കുരിശുകളും മുത്തുക്കുടകളും വഹിച്ച വിവിധ ഇടവക പ്രധിനിധികൾ തുടങ്ങിയവർ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകത്തെ അനുഗമിച്ചു. ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകം കടന്നുപോയ വഴിയുടെ ഇരു വശത്തുമായി നാലായിരത്തോളം വരുന്ന വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം നിലകൊണ്ടു.

ഫ്രാങ്ക്‌ളിൻ സ്കൂളിൽനിന്നുമാരംഭിച്ച പ്രദക്ഷിണം സോമർസെറ്റ് സൈന്റ്റ് തോമസ് ഫൊറോനാ ദേവാലയഅങ്കണത്തിൽ, തട്ടിൽ പിതാവിൻ്റെ ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു.
മൂന്നുദിവസം നീണ്ടുനിന്ന ദിവ്യ കാരുണ്യ കോൺഗ്രസിനും, സമാപന ദിവസം നടന്ന “ദിവ്യകാരുണ്യ” പ്രദക്ഷിനത്തിനും ആതിഥേയത്വം നൽകിയ സോമർസെറ്റ് ഇടവകയുടെ നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടു. “ദിവ്യകാരുണ്യ കോൺഗ്രസിന്” നേതൃത്വം നൽകിയ കോർഡിനേറ്റർ വികാരി ജനറാൾ റവ. ഫാ. തോമസ് കാടുകപ്പിള്ളിൽ, സോമർസെറ്റ് ഇടവക വികാരി റവ. ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ട്, ഇടവക കൈക്കാരമ്മാർ, പാരിഷ് കൗൺസിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഇടവകയിലെ യുവജനങ്ങൾ, കൂടാതെ എല്ലാ ഇടവകാംഗങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നന്ദി അറിയിച്ചു.

വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലിൽ, വൈസ് ചാൻസലർ റവ. ഫാ. ജോൺസൺ കോവൂർപുത്തൻപുര, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നടുവേലിചാലുങ്കൽ എന്നിവരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നൽകി. ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ, രൂപതയുടെ സിൽവർ ജൂബിലി ആ ഘോഷങ്ങളോടനുബദ്ധിച്ചു 2026 ജൂലൈ 9,10, 11,12 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന “സിറോ മലബാർ കൺവൻഷന്റെ കിക്ക് ഓഫും നടന്നു.
Syro-Malabar Diocese of Chicago Silver Jubilee