
കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളത്തിൻ്റെ നിയന്ത്രണം യുഎസിനു തിരികെ നൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം താലിബാൻ തള്ളി. അഫ്ഗാനിസ്ഥാൻ പൂർണ്ണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാണ് രാജ്യം ഭരിക്കുന്നതെന്നും താലിബാൻ വ്യക്തമാക്കി.
ബഗ്രാം വ്യോമതാവളം വിട്ടുനൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. താലിബാൻ്റെ ഈ നിലപാട് ട്രംപിന് വലിയ തിരിച്ചടിയായി.
”ഞങ്ങൾ ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഒരു അക്രമിയെയും ഞങ്ങൾ ഭയപ്പെടുന്നില്ല. അടുത്തിടെ ചില ആളുകൾ ബഗ്രാം വ്യോമതാവളം തിരികെ ഏറ്റെടുക്കാൻ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു. അഫ്ഗാനിസ്ഥാൻ്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല,” അഫ്ഗാൻ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രാത്ത് പറഞ്ഞു.
യുഎസ് സൈന്യത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സൈനിക താവളമാണ് ബഗ്രാം. താലിബാനെതിരായ യുദ്ധത്തിൽ അമേരിക്ക ഈ വ്യോമതാവളം തന്ത്രപരമായി ഉപയോഗിച്ചിരുന്നു.