
ഇസ്താംബുള്‍: തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ചയിലും വെടിനിര്‍ത്തല്‍ കരാറിലെത്താതെ റഷ്യയും യുക്രെയ്‌നും. റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ അവസാനിച്ചതോടെ ഉടന്‍ വെടിനിര്‍ത്തലെന്ന പ്രതീക്ഷയും മങ്ങി. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പലതും ഇരുരാജ്യങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാതിരുന്നതോടെയാണ് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമാകാതെ പിരിഞ്ഞത്. ബുധനാഴ്ച നടന്ന യോഗത്തില്‍ പ്രധാനമായും തടവുകാരെ കൈമാറുന്നതിനെ കുറിച്ചായിരുന്നു ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തത്.
ഒരുമണിക്കൂര്‍ തികച്ചുപോലും ചര്‍ച്ച നീണ്ടില്ല. 40 മിനിറ്റ് മാത്രമായിരുന്നു ചര്‍ച്ചയെന്നും ശത്രുത അവസാനിപ്പിക്കുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും യുക്രെയ്‌നിന്റെ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു.
അതേസമയം, 50 ദിവസത്തിനുള്ളില്‍ ഒരു സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യയ്ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.
ഓഗസ്റ്റ് അവസാനത്തോടെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്താനും യുക്രെയ്ന്‍ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.