
വാഷിംഗ്ടണ്‍ : ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചറുകള്‍ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും 50 ദിവസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും ട്രംപ് പറഞ്ഞു. സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഈ വര്‍ഷം ഉയര്‍ന്ന തീരുവ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി.
‘അമേരിക്കയിലേക്ക് വരുന്ന ഫര്‍ണിച്ചറുകള്‍ക്ക് ഞങ്ങള്‍ ഒരു പ്രധാന തീരുവയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്, അടുത്ത 50 ദിവസത്തിനുള്ളില്‍, ആ അന്വേഷണം പൂര്‍ത്തിയാകും,’ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ എഴുതി.
ഫര്‍ണിച്ചറുകളുടെ തീരുവ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, എന്നാല്‍ നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഫര്‍ണിച്ചര്‍ വ്യവസായത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമായാണ് തന്റെ നീക്കമെന്നും ട്രംപ് ന്യായീകരിച്ചു. യുഎസ് ഫര്‍ണിച്ചര്‍ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളാണ് ചൈനയും വിയറ്റ്‌നാമും. 2024-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് 25.5 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മരുന്നുകള്‍, ചിപ്പുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവടയക്കമുള്ളവയുടെ ഇറക്കുമതിയെക്കുറിച്ചും ട്രംപ് ഭരണകൂടം നിരവധി അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന തീരുവകള്‍ ചുമത്താനുള്ള നീക്കമായിട്ടാണ് ഇതും വിലയിരുത്തപ്പെടുന്നത്.