
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്ന മെസേജിങ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സിഗ്നൽ എന്ന മെസേജിങ് ആപ്പിന്റെ പകർപ്പായ ടെലിമെസേജ് എന്ന ആപ്പാണ് മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്നത്. ആർക്കൈവിങ് സൗകര്യം കൂടി അധികമായുണ്ടായിരുന്ന ഈ ആപ്പ് യുഎസ് സർക്കാർ ഉദ്യോഗസ്ഥരും ഏജൻസികളും വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ രഹസ്യ വിവരങ്ങൾ ചോർന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
എന്നാൽ, വാൾട്ട്സും കാബിനറ്റ് ഉദ്യോഗസ്ഥരും തമ്മിൽ അയച്ച സന്ദേശങ്ങൾ ഹാക്കർക്ക് ലഭിച്ചിട്ടില്ല. എന്നാൽ, ആപ്പിൽ ആർക്കൈവ് ചെയ്യപ്പെട്ട കസ്റ്റംസ്, അതിർത്തി സംരക്ഷണം ഉൾപ്പെടെയുള്ള ഏജൻസികളുമായും കോയിൻ ബേസ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷയിൽ വൻ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
യൂസർനെയിമുകൾ, പാസ്‌വേഡുകൾ, ചാറ്റ് ഉള്ളടക്കങ്ങളുടെ സ്നിപ്പെറ്റുകൾ എന്നിവ ഹാക്കർക്ക് ലഭിച്ചിട്ടുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















