ഇടതുമുന്നണിയിൽ അസ്വാരസ്യം കനക്കുന്നു, ജോസ് കെ മാണിയുടെ വിമർശനങ്ങൾക്കെതിരെ എകെ ശശീന്ദ്രൻ; ‘സാമുദായിക സംഘടനകളുടെ ചട്ടുകമാകില്ലെന്നാണ് പ്രതീക്ഷ’

തിരുവനന്തപുരം: ഇടതുമുന്നണിയിൽ പാർട്ടികൾ തമ്മിലുള്ള അസ്വാരസ്യം കനക്കുന്നുവെന്ന് റിപ്പോർട്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെ വാർത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയതാണ്. വനംവകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദകൾ പാലിക്കണമെന്ന് ശശീന്ദ്രൻ ആവശ്യപ്പെട്ടു. ജോസ് കെ മാണി തനിക്കെതിരെ കേരള കോൺഗ്രസ് പാർട്ടി യോഗത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന റിപ്പോർട്ടാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കേരള കോൺഗ്രസ് എം, സാമുദായിക സംഘടനകളുടെ ചട്ടുകമാകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

വനംവകുപ്പിനോ മന്ത്രിക്കോ എതിരെ വിമർശനമുണ്ടെങ്കിൽ അത് ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കണമായിരുന്നുവെന്നും, പരസ്യ വിമർശനം ശരിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ എൻസിപി നേതൃത്വത്തിന്റെ ഈ ശക്തമായ പ്രതികരണം ശ്രദ്ധേയമാണ്.

അതിനിടെ, ക്രൈസ്തവ സഭകളുടെ പിന്തുണയോടെ കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നതായി വ്യക്തമാണ്. മനുഷ്യ-മൃഗ സംഘർഷവുമായി ബന്ധപ്പെട്ട ആശങ്കകൾ മുതലെടുത്താണ് യു ഡി എഫിന്റെ നീക്കങ്ങൾ. ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് യു ഡി എഫ് സാധ്യതയായി കാണുന്നു. എന്നാൽ, കേരള കോൺഗസിന്റെ സമ്മർദ്ദ തന്ത്രങ്ങളോട് കരുതലോടെ പ്രതികരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide