
വാഷിംഗ്ടൺ: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ യാഥാര്‍ത്ഥ്യമാകുന്നത്.
ഈ സമയപരിധി നീട്ടാൻ ആലോചിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യൻ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ജൂലൈ ഒമ്പത് വരെ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏർപ്പെടുത്തിയ 26 ശതമാനം താരിഫിൽ നിന്ന് പൂർണ്ണമായ ഒഴിവാക്കലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി ട്രംപ് അടുത്തിടെ ആവർത്തിച്ച് സൂചന നൽകിയിരുന്നു. കഴിഞ്ഞയാഴ്ച, തന്‍റെ ഭരണകൂടം എല്ലാ വ്യാപാര തടസങ്ങളും നീക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാർഷിക, ക്ഷീരമേഖലകളിൽ യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുവരെ ഒപ്പുവെച്ച ഒരു സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യ ക്ഷീരമേഖല തുറന്നുകൊടുത്തിട്ടില്ല.