
പാരിസ്: യുക്രൈനുമായി ബന്ധപ്പെട്ട ഏത് ടെറിട്ടോറിയൽ എക്സ്ചേഞ്ചിനെക്കുറിച്ചും ‘യുക്രൈനുമായി മാത്രം ചർച്ച ചെയ്യണം’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ നേതാക്കളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് മാക്രോൺ ഇക്കാര്യം പറഞ്ഞത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയോടൊപ്പം ദക്ഷിണ ഫ്രാൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാക്രോൺ.
“വെടിനിർത്തൽ നേടാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്,” മാക്രോൺ പറഞ്ഞു. “പ്രസിഡന്റ് ട്രംപുമൊത്തുള്ള ഈ ചർച്ച, ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ പ്രഖ്യാപിക്കാൻ അവസരം നൽകുകയും, ഞങ്ങളുടെ പ്രതീക്ഷകൾ വളരെ വ്യക്തമായി വിശദീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയും അമേരിക്കയും തമ്മിൽ സംസാരിക്കുന്നത് നല്ല കാര്യമാണെന്നും മാക്രോൺ പറഞ്ഞു. യുക്രൈൻ യുദ്ധം പോലുള്ള ഭൂഖണ്ഡത്തെ ബാധിക്കുന്ന വിഷയങ്ങളിൽ യൂറോപ്പിന്റെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ്. യുക്രൈനിന് പിന്തുണ നൽകുന്ന യൂറോപ്യൻ നിലപാടുകൾ നിലനിർത്തേണ്ടതിന്റെയും മോസ്കോയിൽ സമ്മർദ്ദം തുടരേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും സൂചിപ്പിച്ചു. ശാശ്വതമായ സമാധാനം ഉണ്ടാകുന്നതുവരെ യുക്രൈന് പിന്തുണ നൽകണം. അതിൽ യൂറോപ്യന്മാരും അമേരിക്കക്കാരും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.