COMING SOON! ഒറ്റ വരിയിൽ ഹൈപ്പുണർത്തി ടെസ്‍ലയുടെ ഇന്ത്യയിലേക്കുള്ള വരവ്; മസ്ക് കൂടെ എത്തിയാൽ കാര്യങ്ങൾ ഉഷാർ

മുംബൈ: ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ആദ്യ ടീസർ പുറത്ത്. കൂടുതലൊന്നും വ്യക്തമാക്കാതെ, COMING SOON എന്നാണ് എക്സിൽ പങ്കുവെച്ച ടെസ്‌ല ഇന്ത്യയുടെ ടീസറിലുള്ളത്. ടെസ്‌ലയുടെ ലോ​ഗോയ്ക്കൊപ്പം INDIA, JULY 2025 എന്നാണുള്ളത്. ഏതെല്ലാം വാഹനങ്ങളായിരിക്കും എത്തിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും നൽകിയിട്ടില്ല.

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, മോഡൽ Y ആയിരിക്കും ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ചില റിപ്പോർട്ടുകളും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലായിരിക്കും ഇത്.

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ജൂലൈ 15-ന് ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്‌ലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിനായി സിഇഒ ഇലോണ്‍ മസ്‌ക് എത്തുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ ആദ്യ ചുവടുവയ്പ്പാണ് മുംബൈയില്‍ ആരംഭിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ലയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ ഡല്‍ഹിയില്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide