
ഡാളസ്: ടെക്സസിലെ ഡാളസ് സബർബിൽ ‘ബൗണ്ടറീസ് കോഫി’ എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ഡാനിയൽ കീൻ (30), ഗണേശ ചതുർത്ഥി ഘോഷയാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്ത് കുടുങ്ങിയത് വലിയ വിവാദാത്തിൽ. സെപ്തംബർ ആദ്യം ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
വീഡിയോയിൽ, കീൻ ഇന്ത്യൻ കുടിയേറ്റക്കാരെ വിമർശിക്കുകയും എച്ച്-1ബി വിസകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “നമ്മൾ എച്ച്-1ബി വിസകൾ റദ്ദാക്കണം. എൻ്റെ കുട്ടികൾ ഇന്ത്യയിലല്ല, അമേരിക്കയിൽ വളരണം,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഈ പോസ്റ്റ് വൈറലായതിനെത്തുടർന്ന് അദ്ദേഹത്തിന് ചർച്ച് അംഗത്വം, ജിം അംഗത്വം എന്നിവ നഷ്ടപ്പെടുകയും ബിസിനസിൽ കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു. കൂടാതെ ഭീഷണി കോളുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. എന്നിട്ടും, കുടിയേറ്റ നയങ്ങൾ യഥാർത്ഥ ലോകത്ത് ചെലുത്തുന്ന സ്വാധീനം ഉയർത്തിക്കാട്ടാനാണ് താൻ ശ്രമിച്ചതെന്നും പറഞ്ഞുകൊണ്ട് കീൻ മാപ്പ് പറയാൻ വിസമ്മതിച്ചു.
ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയുള്ള വംശീയ വിദ്വേഷത്തിൻ്റെയും മതപരമായ അസഹിഷ്ണുതയുടെയും പേരിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഭാര്യ ചിത്രീകരിച്ച ഈ വീഡിയോ, സമീപ പ്രദേശത്ത് കൂടി കാറിൽ സഞ്ചരിക്കുമ്പോൾ വഴി താൽക്കാലികമായി തടസ്സപ്പെടുത്തിയ ഒരു മതപരമായ ഘോഷയാത്രയുടേതായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധം കാരണം, കീനിൻ്റെ ബാപ്റ്റിസ്റ്റ് ചർച്ചിലെ നേതൃത്വം അദ്ദേഹത്തോട് “പാപകരമായ” പ്രവൃത്തിയായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ കുടിയേറ്റത്തെയും സാംസ്കാരിക സ്വത്വത്തെയും കുറിച്ചുള്ള തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് പറഞ്ഞ് കീൻ ഇത് നിഷേധിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ കീനിന് 8,000 ഡോളറിൻ്റെ വിൽപ്പന നഷ്ടമുണ്ടായതായും ഒരു ജീവനക്കാരി അപേക്ഷ പിൻവലിച്ചതായും ‘ന്യൂസ് വീക്ക്’ റിപ്പോർട്ട് ചെയ്തു. സെലിനയിലെ ‘ദി ട്രെയിൽസ് ചർച്ച്’ അധികൃതർ അദ്ദേഹത്തോട് സഭ വിടാൻ നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കീൻ വാദിക്കുന്നുണ്ടെങ്കിലും, ദമ്പതികൾ തന്നെയാണ് ചർച്ച് അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ചർച്ച് അധികൃതർ അറിയിച്ചു.