
ടെക്സസ് : ടെക്സസിൽ പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് നാസയുടെ അത്യാധുനിക വിമാനങ്ങളും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയം വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ച് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നത് ഈ വിമാനങ്ങളുടെ പ്രധാന ലക്ഷ്യം.
നാസ പ്രധാനമായും രണ്ട് വിമാനങ്ങളാണ് ടെക്സസിലേക്ക് അയച്ചിരിക്കുന്നത്. മേഘാവൃതമായ കാലാവസ്‌ഥ കാരണം സാധാരണ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് നാസയുടെ ഈ വിമാനങ്ങൾ നിർണായകമാകുന്നത്. അതിലൊന്നായ WB-57 ഹൈ-ആൾട്ടിറ്റ്യൂഡ് എയർക്രാഫ്റ്റ് വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഡൈനാമിക് സെൻസറിന് നദിയുടെയും സമീപ പ്രദേശങ്ങളുടെയും അതിസൂക്ഷമായ ചിത്രങ്ങൾ പകർത്താൻ കഴിയും. ഇത് പ്രളയത്തിന്റെ വ്യാപ്തിയും അതുണ്ടാക്കിയ നാശനഷ്ടങ്ങളും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ, രാത്രികാലങ്ങളിലും വ്യക്‌തമായ ചിത്രങ്ങൾ നൽകാൻ ഈ സെൻസറിന് കഴിയും.
മറ്റൊരു വിമാനം ഗൾഫ് സ്ട്രീം III ആണ്, ഇതിൽ UAVSAR റഡാർ ഘടിപ്പിച്ചിട്ടുണ്ട്. ഈ റഡാറിന് വെള്ളക്കെട്ടുകൾ കണ്ടെത്താൻ സാധിക്കും. സാധാരണ ക്യാമറകൾക്ക് കാണാൻ കഴിയാത്ത വെള്ളത്തിനടിയിലായ പ്രദേശങ്ങളും വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളും ഇത് കൃത്യമായി തിരിച്ചറിയും. പ്രളയത്തിന്റെ കൃത്യമായ വ്യാപ്‌തിയും കെട്ടിടങ്ങൾക്കും അടിസ്‌ഥാന സൗകര്യങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്താനും UAVSAR ഡാറ്റാ സഹായിക്കുന്നു.