
കെർവില്ലെ (ടെക്സാസ്): ടെക്സാസിലെ പ്രളയവുമായി സർക്കാരിന്‍റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചതിന് റിപ്പോർട്ടറെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘മുന്നറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ട് ആളുകളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് കുടുംബങ്ങൾ പറയുന്നു. ഈ കുടുംബങ്ങളോട് എന്താണ് പറയാനുള്ളത്?’ എന്നാണ് റിപ്പോർട്ടര്‍ ചോദിച്ചത്. സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ ഡസൻ കണക്കിന് ജീവൻ രക്ഷിക്കാമായിരുന്നു എന്ന വാദങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ ചോദ്യം.
ഇങ്ങനെയൊരു അഭൂതപൂർവമായ ദുരന്തത്തിനിടയിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ ശ്രമിച്ചതിന് ട്രംപ് റിപ്പോർട്ടറെ വിമർശിച്ചു. ‘ഒരു മോശം വ്യക്തിക്ക് മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ കഴിയൂ. സത്യം പറഞ്ഞാൽ, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ വളരെ ദുഷ്ടനായ ഒരാൾക്ക് മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ കഴിയൂ’ ട്രംപ് കൂട്ടിച്ചേർത്തു.
ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മറ്റുള്ളവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് എളുപ്പമാണെന്നും ട്രംപ് തുടർന്നു പറഞ്ഞു. ഇങ്ങനെയൊരു സംഭവം ഉണ്ടായ ശേഷം ഒരുപക്ഷേ നമുക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്ന് ചോദിക്കുന്നത് എളുപ്പമാണ്. ഇത് മുമ്പ് ഒരിക്കലും സംഭവിക്കാത്ത ഒന്നാണ്,” അദ്ദേഹം വ്യക്തമാക്കി.
പ്രളയനിവാരണത്തിൽ ഉൾപ്പെട്ട എല്ലാവരും അസാധാരണമായ ഒരു ദുരന്തത്തെ നേരിടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരും അവിശ്വസനീയമായ കാര്യമാണ് ചെയ്തതെന്ന് കരുതുന്നു. ഇത് ആയിരം വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രളയമാണെന്നും എല്ലാവരുടെയും പ്രവൃത്തിയെ താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.