
ടെക്സസ്: യുഎസിനെ നടുക്കി ടെക്സസ് മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. മധ്യ ടെക്സസിലെ കൊടുങ്കാറ്റ് തകർത്ത പ്രദേശങ്ങളിൽ തിങ്കളാഴ്ചയും രക്ഷാപ്രവർത്തന സംഘങ്ങങ്ങളുടെ തിരച്ചിൽ തുടർന്നു. കനത്ത മഴ നാശം വിതച്ച പ്രദേശങ്ങളിൽ ആഞ്ഞുവീശുകയും ചെയ്തു. മരിച്ചവരിൽ കെർ കൗണ്ടിയിലെ വേനൽക്കാല ക്യാമ്പിലെ 27 കുട്ടികളും കൗൺസിലർമാരും ഉൾപ്പെടുന്നു. ഇവിടെയാണ് ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായത്. കുറഞ്ഞത് 10 പെൺകുട്ടികളെയും ഒരു കൗൺസിലറെയും കാണാതായതായി കെർ കൗണ്ടി ഷെരീഫ് ലാറി ലീത തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചു. ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തവും ഏറെ ഭയാനകമായ ഒന്നാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത ട്രംപ് ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടെക്സസിലെ ഹിൽ കൺട്രിയിലെ കെർ കൗണ്ടിയിലാണ് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്.
ഇതിനിടെ ടെക്സസ് പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അർപ്പിച്ച് പ്രഥമ വനിത മെലനിയ ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് വിവാദത്തിലായിട്ടുണ്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാധാരണക്കാരായ പൗരന്മാരെ ബാധിക്കുന്ന മെഡികെയര്‍ അടക്കമുള്ള പദ്ധതികള്‍ക്കുള്ള ചെലവ് വെട്ടിക്കുറയ്ക്കുന്നതിനിടെ ഈ പോസ്റ്റ് മാത്രം പോരെന്നാണ് പ്രധാന വിമർശനം. ഈ ബജറ്റ് വെട്ടിക്കുറയ്ക്കൽ ഫെഡറൽ കാലാവസ്ഥാ നിരീക്ഷണ വിദ്ഗധരെയും ദുരന്ത നിവരാണ ഏജൻസികളെയും പ്രതികൂലമായി ബാധിച്ചു. ടെക്സസിലെ വെള്ളപ്പൊക്കത്തിന് മുൻപ്, അഞ്ച് മുൻ നാഷനൽ വെതർ സർവീസ് ഡയറക്ടർമാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ധനസഹായം വെട്ടിക്കുറയ്ക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി കത്തെഴുതിയിരുന്നു.