
ടെക്സസ്: ടെക്സസിലെ ചില പൊതുവിദ്യാലയങ്ങളിൽ ‘പത്ത് കൽപ്പനകൾ’ പ്രദർശിപ്പിക്കുന്നത് നീക്കം ചെയ്യാൻ ഫെഡറൽ ജഡ്ജി ഓർലാൻഡോ എൽ ഗാർസിയ പ്രാഥമിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെ ‘മതസ്വാതന്ത്ര്യത്തിന്‍റെ വിജയം’ എന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ടെക്സസ് (ACLU) വിശേഷിപ്പിച്ചത്. ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന സംസ്ഥാന നിയമത്തിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
പൊതുവിദ്യാലയങ്ങളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങൾക്കെതിരായ നിയമപോരാട്ടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വിജയമാണിത്. അർക്കൻസാസ്, ലൂയിസിയാന എന്നിവിടങ്ങളിലും സമാനമായ നിയമങ്ങളുണ്ട്. അവിടെയും കോടതികളിൽ നിന്ന് എതിർക്കുന്നവർക്ക് അനുകൂലമായ വിധികൾ ഉണ്ടായിട്ടുണ്ട്.
ഈ കേസുകൾ ഒടുവിൽ യുഎസ് സുപ്രീം കോടതിയിൽ എത്താൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. ജൂണിൽ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബോട്ട് ഒപ്പുവെച്ച ടെക്സസ് നിയമത്തെയാണ് കുടുംബങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് അവർ വാദിക്കുന്നു.













