
ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ടെക്‌സസ് നാഷണല്‍ ഗാര്‍ഡിലെ സൈനികര്‍ ഇല്ലിനോയിയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാരിന്റെ ‘സ്വേച്ഛാധിപത്യ മാര്‍ച്ച്’ അവസാനിപ്പിക്കാന്‍ ഇല്ലിനോയി ഗവര്‍ണര്‍ ജെബി പ്രിറ്റ്സ്‌കര്‍ ആഹ്വാനം ചെയ്തതോടെയാണ് ട്രംപും നടപടി വേഗത്തിലാക്കിയത്. ടെക്‌സസ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ എത്തിയെന്ന് കാണിക്കുന്ന ഷിക്കാഗോ പ്രാന്തപ്രദേശത്തുള്ള ഒരു ആര്‍മി റിസര്‍വ് പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
‘ട്രംപ് ഭരണകൂടത്തെ ചെറുക്കാതെ അവരുടെ സ്വേച്ഛാധിപത്യ മാര്‍ച്ച് തുടരാന്‍ ഇല്ലിനോയിസ് അനുവദിക്കില്ല,’ ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കര്‍ പറഞ്ഞു. ‘അമേരിക്കന്‍ സമൂഹങ്ങള്‍ക്കെതിരെ സൈനികരെ ഉപയോഗിക്കരുത് എന്നതിനാല്‍ ഈ അധികാരം പിടിച്ചെടുക്കല്‍ തടയാന്‍ ഞങ്ങള്‍ ഞങ്ങളുടെ പക്കലുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും.’- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ‘എലൈറ്റ്’ നാഷണല്‍ ഗാര്‍ഡ് ഒരു വിമാനത്തില്‍ കയറുന്നതായി കാണിക്കുന്ന ഒരു ചിത്രം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു, പക്ഷേ അവര്‍ എവിടേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പിന്നീടാണ് സൈനികര്‍ ഇല്ലിനോയിയില്‍ എത്തിയത്.
ടെക്‌സാസില്‍ നിന്നുള്ള ഇരുനൂറ് സൈനികര്‍ ബുധനാഴ്ച ഷിക്കാഗോയില്‍ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പേരുവെളിപ്പെടുത്താത്ത യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ 300 ഓളം ഇല്ലിനോയി നാഷണല്‍ ഗാര്‍ഡ് സൈനികരെക്കൂടി വിന്യസിക്കാന്‍ തയ്യാറെടുക്കുകന്നതായും റിപ്പോർട്ടുണ്ട്. സൈന്യം നിയമ നിര്‍വ്വഹണ ചുമതലകള്‍ സ്വയം ഏറ്റെടുക്കില്ലെന്നും പകരം ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ക്ക് പിന്തുണ നല്‍കുമെന്നുമാണ് സൂചന.