
ബാങ്കോക്ക്/ക്വാലാലംപൂർ: തെക്കുകിഴക്കൻ ഏഷ്യൻ അയൽക്കാരായ തായ്‌ലൻഡും കംബോഡിയയും തമ്മിൽ പുതിയ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തായ്‌ലൻഡ് തിങ്കളാഴ്ച വ്യോമാക്രമണം നടത്തി. ഇതോടെ രണ്ട് മാസം മുമ്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ സമാധാന കരാർ തകർച്ചയുടെ വക്കിലായി. വെടിനിർത്തൽ കരാറിൻ്റെ പുരോഗതി തായ്‌ലൻഡ് നേരത്തെ നിർത്തിവച്ചതിനെത്തുടർന്ന് ആഴ്ചകളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്കൊടുവിലാണ് അതിർത്തിയിൽ ഇരുപക്ഷവും ആക്രമണം ആരംഭിച്ചത്.
അതിർത്തിയിലെ തർക്കപ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ ആക്രമണം തുടങ്ങിയത് തങ്ങളല്ല, മറുവശമാണ് എന്ന് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. പുതിയ ഏറ്റുമുട്ടലിൽ ഒരു തായ് സൈനികനും നാല് കംബോഡിയൻ സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ നിന്ന് തായ്‌ലൻഡിലെ 35,000-ത്തോളം പേരെ ഒഴിപ്പിച്ചതായി തായ് സൈന്യം അറിയിച്ചു. കംബോഡിയൻ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു.
തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ രാജ്യം ഒരിക്കലും അക്രമം ആഗ്രഹിക്കുന്നില്ല എന്ന് പറയുകയും എന്നാൽ അതിൻ്റെ പരമാധികാരം ലംഘിക്കാൻ അനുവദിക്കില്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. കംബോഡിയയുടെ ഭാഗത്ത് നിന്ന് കൂടുതൽ ആക്രമണമുണ്ടായാൽ, സാഹചര്യങ്ങൾക്കനുസരിച്ച് കൂടുതൽ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വർഷങ്ങളായി ഏറ്റവും രൂക്ഷമായ പോരാട്ടമായിരുന്നു ഈ വർഷം ജൂലൈയിൽ നടന്ന അഞ്ച് ദിവസത്തെ സംഘർഷം. അന്ന് ഡസൻ കണക്കിന് ആളുകൾ മരിക്കുകയും അതിർത്തിയുടെ ഇരുവശത്തുമായി ഏകദേശം 2,00,000 പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇരു നേതാക്കളുമായും ഫോൺ സംഭാഷണം നടത്തിയതിനെത്തുടർന്ന് ജൂലൈ 28-ന് പ്രാഥമിക വെടിനിർത്തൽ നിലവിൽ വന്നു.
തുടർന്ന്, മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വെച്ച്, ട്രംപിൻ്റെയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെയും സാന്നിധ്യത്തിൽ തായ്‌ലൻഡും കംബോഡിയയും ഒക്ടോബർ അവസാനത്തോടെ വിപുലീകരിച്ച വെടിനിർത്തൽ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചിരുന്നു. തായ്, കംബോഡിയൻ സേനകൾ തമ്മിൽ സായുധ പോരാട്ടം നടന്നതായുള്ള റിപ്പോർട്ടുകളിൽ താൻ അഗാധമായി ആശങ്കാകുലനാണ് എന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് പ്രതികരിക്കുകയും ഇരുപക്ഷത്തോടും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഈ പുതിയ പോരാട്ടത്തോടെ യുഎസ് ഇടപെടലിലൂടെ കൊണ്ടുവന്ന സമാധാനം നിലനിൽക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിട്ടുണ്ട്.















