
ദോഹ: താൻ ഒരു ദിവസം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മൂത്ത മകൻ ഡോണാൾഡ് ട്രംപ് ജൂനിയർ. ‘ആ വിളി അവിടെയുണ്ട്’ എന്നും ഖത്തറില്‍ വച്ച് ട്രംപ് ജൂനിയർ പറഞ്ഞു.
“അതുകൊണ്ട് ഉത്തരം എനിക്കറിയില്ല, ഒരുപക്ഷേ ഒരു ദിവസം. ആ വിളി അവിടെയുണ്ട്. ഈ കാര്യങ്ങൾക്ക് വേണ്ടി ശബ്‍ദമുയർത്തുന്നതിൽ ഞാൻ എല്ലായ്പ്പോഴും വളരെ സജീവമായിരിക്കും. എന്റെ പിതാവ് റിപ്പബ്ലിക്കൻ പാർട്ടിയെ ശരിക്കും മാറ്റിമറിച്ചു എന്ന് ഞാൻ കരുതുന്നു” – ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തന്‍റെ പിതാവ് സ്ഥാനമൊഴിയുമ്പോൾ താൻ മത്സരിച്ച് ‘ഭരണം ഏറ്റെടുക്കുമോ’ എന്ന് പാനൽ മോഡറേറ്റർ ചോദിച്ചപ്പോൾ, “ഇങ്ങനെ ചോദിക്കുന്നതിൽ അഭിമാനമുണ്ട്, ചില ആളുകൾക്ക് അതിൽ പ്രശ്നമില്ലെന്ന് കാണുന്നതിൽ അഭിമാനമുണ്ട്” എന്നായിരുന്നു ട്രംപ് ജൂനിയറിന്‍റെ പ്രതികരണം. 1789 ക്യാപിറ്റൽ സ്ഥാപകൻ ഒമീദ് മാലിക്കിനൊപ്പം സംസാരിക്കവെ, 47 വയസുകാരനായ ട്രംപ്, ആ കയ്യടിച്ച ആളുകൾ ‘നമുക്കറിയുന്ന കുറച്ച് ആളുകളാണ്’ എന്നും തമാശയായി പറഞ്ഞു.