അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25% പകരം തീരുവ പ്രാബല്യത്തില്‍ വന്നു; ഇരു രാജ്യങ്ങളും അകല്‍ച്ചയിലേക്ക്, മോദി ത്രിശങ്കുവിൽ

വാഷിംഗ്ടണ്‍ : അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ പ്രാബല്യത്തില്‍ വന്നു. ജൂലൈ 31 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവയാണ് ഓഗസ്റ്റ് 7 മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 9.30)മുതല്‍ പ്രാബല്യത്തിലായത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് പിഴയായി ചുമത്തിയ അധിക 25 ശതമാനം തീരുവ ഓഗസ്റ്റ് 27 മുതല്‍ യുഎസ് നടപ്പിലാക്കും.

2024-25 ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 131.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (86.5 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതിയും 45.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയും). എന്നാല്‍ പുതിയ തീരുവ പ്രഖ്യാപനം ഇരു രാജ്യങ്ങളെയും അകല്‍ച്ചയിലാക്കിയിട്ടുണ്ട്. ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദവും നിലവിലെ തീരുവ പോരും ചൂണ്ടിക്കാട്ടി പ്രതിപക്ഷം മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് എത്രയും നേരത്തെ അന്തിമമാക്കുന്നത് താരിഫ് വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് കയറ്റുമതിമേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും ഈ വര്‍ഷം ശരത്കാലത്തോടെ (ഒക്ടോബര്‍-നവംബര്‍) കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരിച്ചടി മുന്നിൽ കണ്ട് പല കമ്പനികളും കയറ്റുമതി നിർത്തിവച്ചു

അതിനിടെ, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നുവെന്ന കാരണം പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യാപാരം ട്രംപ് കാണുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

യുക്രെന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

More Stories from this section

family-dental
witywide