
കൊളറാഡോ: നിയമവിരുദ്ധമായി വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ (CDL) അനുവദിച്ചതുമായി ബന്ധപ്പെട്ട് വെട്ടിലായി യുഎസ് സംസ്ഥാനം കൊളറാഡോ. കൊളറാഡോയ്ക്ക് നൽകുന്ന 24 മില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ വർഷം ഒക്ടോബറിൽ നടന്ന ഒരു ഫെഡറൽ ഓഡിറ്റിൽ, കുടിയേറ്റക്കാർക്ക് കൊളറാഡോ നൽകിയ വാണിജ്യ ലൈസൻസുകളിൽ ഏകദേശം 22% നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇവയിൽ പലതും മെക്സിക്കൻ പൗരന്മാർക്ക് നൽകിയതാണെന്നാണ് പുറത്തുവരുന്ന വിവരം.
ഫെഡറൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ള രീതിയിൽ ലൈസൻസുകൾ നൽകിയെന്നും, ഈ ലൈസൻസുകൾ റദ്ദാക്കുന്നതിൽ സംസ്ഥാനം കാലതാമസം വരുത്തിയെന്നും ഗതാഗത സെക്രട്ടറി ഷാൻ ഡഫി ആരോപിച്ചു. എന്നാൽ, ഗവർണർ ജാരെഡ് പോളിസ് ഇത് ആശയവിനിമയത്തിലെ പാളിച്ചയാണെന്നാണ് വ്യക്തമാക്കുന്നത്. അർഹതയില്ലാത്ത ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും ഉടമകൾക്ക് അറിയിപ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അന്വേഷണം പൂർത്തിയാകുന്നത് വരെ പുതിയ നോൺ-ഡോമിസൈൽ ലൈസൻസുകൾ നൽകുന്നത് കൊളറാഡോ ഡിവിഷൻ ഓഫ് മോട്ടോർ വെഹിക്കിൾസ് (DMV) നിർത്തിവെച്ചിരിക്കുകയാണ്.
The Department of Transportation says it will cut $24 million in federal funding for Colorado after finding irregularities in commercial licenses issued to immigrants.















