
വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഒമ്പതാം ദിവസവും തുടരുന്നു. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പാസ്സാകാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാർ. ഇതോടെ ജീവനക്കാരെ ഉടൻ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.
അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഷട്ട്ഡൗൺ നീണ്ടാൽ അമേരിക്കയിലുണ്ടായേക്കാവുന്ന ആഘാതങ്ങൾ നിരവധിയാണ്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നീണ്ടുപോയതിനാല്‍ തുടർച്ചയായ മൂന്നാം ദിവസവും വിമാനത്താവളങ്ങളില്‍ കാലതാമസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എഫ്എഎയുടെ കണക്കനുസരിച്ച്, കാലതാമസം നേരിട്ട വിമാനത്താവളങ്ങളിലൊന്നാണ് ഏറ്റവും തിരക്കേറിയ വാഷിംഗ്ടണ്‍ റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട്. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനും കാരണമായി.
എഫ്എഎയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, ബോസ്റ്റൺ; കാലിഫോർണിയയിലെ ബർബാങ്ക്; ചിക്കാഗോ; ഡെൻവർ; ഹ്യൂസ്റ്റൺ; ലാസ് വെഗാസ്; നാഷ്‌വില്ലെ, ടെന്നസി; ഫിലാഡൽഫിയ; ഫീനിക്സ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും എയർ ട്രാഫിക് കൺട്രോളർമാരുടെ അഭാവം മൂലമുള്ള കാലതാമസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ തൊഴിലാളികളിൽ 40% പേരെ അതായത് 7,50,000 പേരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.