ഒടുവിലത് സാധ്യമായി…യുഎസ് ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കി, ഇനി വേണ്ടത് പ്രസിഡൻ്റിൻ്റെ അംഗീകാരം

വാഷിംഗ്ടൺ: വികാര നിർഭരമായ രംഗമായിരുന്നു അത്. 43 ദിവസങ്ങൾ പിന്നിട്ട യുഎസ് സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ ജനപ്രതിനിധി സഭയും പാസാക്കി. സഭയിൽ ബിൽ പാസാക്കുമ്പോൾ ഉച്ചത്തിലുള്ള കരഘോഷമായിരുന്നു ഉയർന്നത്. ചില കോൺഗ്രസ് അംഗങ്ങൾ മുഖത്ത് വലിയ പുഞ്ചിരിയോടെ പരസ്പരം കെട്ടിപ്പിടിച്ച് കൈകൊടുക്കുന്നത് കാണാം.

സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്ന ധനവിനിയോഗ ബിൽ 222-209 എന്ന വോട്ടുനിലയിലാണ് സഭ പാസാക്കിയത്. ബിൽ പാസ്സാക്കാൻ 215 വോട്ടുകൾ ആവശ്യമായിരുന്നു.

പ്രാദേശിക സമയം ബുധനാഴ്ചവൈകുന്നേരം നാലിനാണ് സഭ വീണ്ടും സമ്മേളനത്തിലേക്ക് പ്രവേശിച്ചത്. അരിസോണ ഡെമോക്രാറ്റിക് അഡെലിറ്റ ഗ്രിജാൽവയുടെ സത്യപ്രതിജ്ഞയായിരുന്നു ആദ്യ നടപടിക്രമം. തുടർന്നാണ് വോട്ടെടുപ്പിലേക്ക് കടന്നത്.

ബിൽ പാസാക്കാൻ ഹൗസ് അനുകൂലമായി വോട്ട് ചെയ്തതിനാൽ ട്രംപ് ഇന്ന് രാത്രിയിൽ തന്നെ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന ബില്ലിൽ ഒപ്പുവെക്കാൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച രാത്രി 09:45 ന് (പ്രാദേശിക സമയം) ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന ബില്ലിൽ ഒപ്പുവെക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. ഇതോടെ യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടൽ ഔദ്യോഗികമായി അവസാനിക്കും.

The House of Representatives has passed the bill to end the US shutdown, now it just needs the president’s approval.

More Stories from this section

family-dental
witywide