
ന്യൂയോര്‍ക്ക് : സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനോടുള്ള ആദരസൂചകമായി ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു തെരുവിന്റെ പേര് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തു. ചരിത്രപ്രസിദ്ധമായ ഗുരുദ്വാര മഖന്‍ ഷാ ലുബാന സ്ഥിതിചെയ്യുന്ന ക്വീന്‍സിലെ റിച്ച്മണ്ട് ഹില്ലിലെ 114-ാം സ്ട്രീറ്റിന്റെയും 101-ാം അവന്യൂവിന്റെയും തെരുവാണ് ഇനി ഗുരു തേജ് ബഹാദൂര്‍ ജി മാര്‍ഗ് വേ എന്നറിയപ്പെടുക.
ഗുരു തേജ് ബഹാദൂറിന്റെ ത്യാഗം, കാരുണ്യം, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയോടുള്ള അംഗീകാരമായും, സിഖ് പൈതൃകത്തെ ആഗോളതലത്തില്‍ അംഗീകരിക്കുന്നതിലെ ഒരു നാഴികക്കല്ലായും ഈ നീക്കം വിലയിരുത്തപ്പെടുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും സിഖ് സമൂഹങ്ങള്‍ ഈ നീക്കം അഭിമാന നിമിഷം കൂടിയാണ്.
ഈ വര്‍ഷം ആദ്യം ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗീകരിച്ച ഈ തീരുമാനം, ദീപാവലിയുടെ തലേന്ന് നടന്ന പ്രത്യേക ചടങ്ങിലാണ് ഔദ്യോഗികമായി അംഗീകരിച്ചത്. പുനര്‍നാമകരണത്തെ സിഖ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ മുന്‍ ഉദ്യോഗസ്ഥനായ സുഖ്ജീന്ദര്‍ സിങ് നിജ്ജാര്‍ സ്വാഗതം ചെയ്തു. ഇത് സിഖ് പൈതൃകത്തോടുള്ള പ്രാദേശിക സര്‍ക്കാരിന്റെ വിലമതിപ്പാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഎസിന്റെ കിഴക്കന്‍ തീരത്തെ ഏറ്റവും പഴക്കം ചെന്ന ഗുരുദ്വാരകളില്‍ ഒന്നാണ് സിഖ് കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന ഗുരുദ്വാര മഖന്‍ ഷാ ലുബാന. 1972ല്‍ ആണ് ഗുരുദ്വാര ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനിടെ 2002ലുണ്ടായ അഗ്നിബാധയില്‍ ഇവിടം കത്തിനശിച്ചെങ്കിലും പുനര്‍നിര്‍മിച്ചതോടെ കിഴക്കന്‍ യുഎസിലെ ഏറ്റവും വലിയ ഗുരുദ്വാരയായി ഇത് മാറി.
The intersection of 114th Street and 101st Avenue in Richmond Hill, Queens, New York City, has been officially co-named “Guru Tegh Bahadur Ji Marg Way”














