നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ തുടങ്ങി

വാഷിംഗ്ടണ്‍: നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം പ്രസിഡന്റ് ഡോണളള്‍ഡ് ട്രംപ് പാലിച്ചുതുടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തോതിലുള്ള നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എക്സിലെ ഒരു പോസ്റ്റില്‍, നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പ്രസിഡന്റ് ട്രംപ് ലോകത്തിന് ശക്തമായ ഒരു സന്ദേശം നല്‍കുകയാണെന്നും നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് പോസ്റ്റിലെ മുന്നറിയിപ്പ്. നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വലിയ തോതിലുള്ള നാടുകടത്തല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അറിയിച്ചിരുന്നു. ഒരു തീവ്രവാദി, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും തിരിച്ചയയ്ക്കുന്നതായും അവര്‍ അറിയിച്ചിരുന്നു. നൂറുകണക്കിന് ആളുകളെ ഇതിനകം സൈനിക വിമാനങ്ങള്‍ വഴി നാടുകടത്തിയിട്ടുണ്ടെന്നും, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടിയാണിതെന്നും ലീവിറ്റ് പറഞ്ഞു.

അതേസമയം, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നിലപാട് ഇന്ത്യയും ശക്തമാക്കി. യുഎസിലോ മറ്റിടങ്ങളിളോ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, നിയമപരമായ അനുമതിയില്ലാതെ യുഎസില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 20 ന് അധികാരമേറ്റ ശേഷം, മെക്‌സിക്കോയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ അദ്ദേഹം ഒപ്പുവച്ചു. അതേസമയം, കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള യുഎസ് സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന സൂക്ഷ്മപരിശോധന യുഎസിലെ ഇന്ത്യന്‍ സമൂഹത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide