മോദി ഏറ്റവും നല്ല മനുഷ്യനെന്ന് ട്രംപ്, ട്രംപ് തന്റെ പ്രിയ സുഹൃത്തെന്ന് മോദി; ഇരുവരുടേയും സൗഹൃദം വിളിച്ചോതിയ ഇന്ത്യയിലെ അവസാന കൂടിക്കാഴ്ച, ഒപ്പം ‘ചേരി മറച്ച വിവാദവും’

ന്യൂഡല്‍ഹി : അങ്ങേയറ്റം തന്ത്രപ്രധാനമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ ജനതയും അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പത്രസമ്മേളനവും അത്രയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.

അതേസമയം, ഇരുവരുടേയും സൗഹൃദം വിളിച്ചോതുന്ന രണ്ട് കൂടിക്കാഴ്ചകളായിരുന്നു
2019ലേയും 2020 ലേയും. 2019 സെപ്റ്റംബര്‍ 22 ന് അമേരിക്കയിലെ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഒരു കമ്മ്യൂണിറ്റി ഉച്ചകോടിയും മെഗാ ഇവന്റുമായിരുന്നു ഹൗഡി മോദി. ഇതില്‍ പങ്കെടുക്കാനാണ് അന്ന് മോദി എത്തിയത്. മോദിയും ട്രംപും സംയുക്തമായി നടത്തിയ പ്രസംഗത്തിലൂടെ ഈ പരിപാടി ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ഇത് പ്രകടമാക്കി.

ട്രംപ് തന്റെ ആദ്യ ടേമില്‍ 2020 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയിരുന്നു. ട്രംപ് അഭിസംബോധന ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റാലികളിലൊന്നായിരുന്നു അന്ന് ഇന്ത്യയില്‍ അദ്ദേഹത്തെ കാത്തിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ സ്റ്റാന്‍ഡുകള്‍ക്കപ്പുറത്ത്, ട്രംപിനെയും നരേന്ദ്ര മോദിയേയും ജനസാഗരം ഉറ്റുനോക്കി. ‘നമസ്തേ ട്രംപ്’ എന്ന് പേരില്‍ നടത്തിയ റാലിയില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത് ഒന്നേകാല്‍ ലക്ഷത്തോളം ആളുകളായിരുന്നു. ജനക്കൂട്ടം സന്തോഷം പ്രകടിപ്പിക്കാന്‍ നൃത്തം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു, മാത്രമല്ല, പലരും ഇരുനേതാക്കളുടെയും മുഖംമൂടികള്‍ ധരിച്ചു. ‘അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു , ബഹുമാനിക്കുന്നു,’ റാലിയെ അഭിസംബോധന ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ട്രംപ് പറഞ്ഞു.

മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടി, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പരകോടിയായിരുന്നു. ഇരു നേതാക്കളും അവരുടെ ആവേശകരമായ സൗഹൃദബന്ധം പ്രകടിപ്പിക്കാനുള്ള ഒരു വേദിയാക്കി ഇതിനെ മാറ്റിയിരുന്നു. ‘അസാധാരണ നേതാവെന്നും എന്റെ യഥാര്‍ത്ഥ സുഹൃത്ത് എന്നും വിളിച്ചുകൊണ്ടാണ് മോദിയെക്കുറിച്ച് അന്ന് ട്രംപ് സംസാരിച്ചത്.

സ്റ്റേഡിയത്തില്‍ എത്തുന്നതിനുമുമ്പ്, മഹാത്മാഗാന്ധി ഒരു പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന ചരിത്രപ്രസിദ്ധമായ സബര്‍മതി ആശ്രമം ട്രംപും ഭാര്യ മെലാനിയയും സന്ദര്‍ശിച്ചു. സന്ദര്‍ശകരായ പ്രസിഡന്റുമാര്‍ക്ക് സാധാരണയായി ഒരുക്കുന്ന ആഡംബര വിരുന്നുകള്‍ ഒഴിവാക്കി, ആശ്രമം ട്രംപിനും മെലാനിയയ്ക്കും വിവിധതരം ജ്യൂസുകള്‍, ബിസ്‌ക്കറ്റുകള്‍, ഗുജറാത്തി തെരുവ് ഭക്ഷണമായ ഖമാനും സമോസയും ഉള്‍പ്പെടെയുള്ളവ നല്‍കി.

ട്രംപ് കാണാതിരിക്കാന്‍ ചേരികള്‍ മറച്ച വിവാദം

അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലെ ചേരികള്‍ മറയ്ക്കാന്‍ അഹമ്മദാബാദിലെ പ്രാദേശിക അധികാരികള്‍ ഒരു മതില്‍ പണിയുകയും മൂന്ന് മണിക്കൂറില്‍ താഴെ നീണ്ടുനിന്ന സന്ദര്‍ശനത്തിനായി ഏകദേശം 50 കോടിയിലേറെ രൂപ മുടക്കിയതും അന്ന് വലിയ വിവാദമായിരുന്നു. ഗുജറാത്തില്‍ ആക്ടിവിസ്റ്റുകളെ ഉപദ്രവിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അധിക ചിലവിനോട് പ്രതികരിച്ച പലരേയും കസ്റ്റഡിയിലെടുത്തു. വിയോജിപ്പിന്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാക്കാന്‍ അഹമ്മദാബാദിലെ അധികാരികള്‍ പരമാവധി ശ്രമിച്ചിട്ടും, ട്രംപും മോദിയും തമ്മിലുള്ളത് ‘ഫാസിസ്റ്റ് സഖ്യം’ എന്ന് ചിലര്‍ വിശേഷിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ നഗരത്തിലുടനീളം ഒരു പ്രതിഷേധം നടത്തി.

ഡോണാള്‍ഡ് ട്രംപ് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ മുതല്‍ അദ്ദേഹവും പ്രധാനമന്ത്രി മോദിയും തമ്മില്‍ സൗഹൃദപരമായ ഒരു ബന്ധം ഉണ്ടായിരുന്നു, പരസ്പരം ആലിംഗനങ്ങളും അഭിനന്ദനങ്ങളും കൈമാറി അത് വളര്‍ന്നു. ട്രംപ് ഒരിക്കല്‍ മോദിയെ ‘ഏറ്റവും നല്ല മനുഷ്യന്‍’ എന്ന് വിളിച്ചപ്പോള്‍, മോദി യുഎസ് പ്രസിഡന്റിനെ തന്റെ ‘പ്രിയ സുഹൃത്ത്’ എന്നാണ് വിളിച്ചത്.

വ്യാപാരത്തിലും കുടിയേറ്റത്തിലും ട്രംപ് സ്വീകരിച്ച കടുത്ത നിലപാടിന് ശേഷം ഇന്ത്യ യുഎസുമായി സൗഹൃദം പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളെ ഈ സൗഹൃദം സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

More Stories from this section

family-dental
witywide