ചൈനയില്‍ പടരുന്ന കോവിഡിന്റെ NB.1.8.1 വകഭേദം യുഎസിലും റിപ്പോര്‍ട്ട് ചെയ്തു

വാഷിംഗ്ടണ്‍: ചൈനയില്‍ പടരുന്ന കോവിഡിന്റെ പുതിയ വകഭേദമായ NB.1.8.1 യുഎസിലും റിപ്പോര്‍ട്ട് ചെയ്തു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ എയര്‍പോര്‍ട്ട് സ്‌ക്രീനിംഗ് പ്രോഗ്രാം കോവിഡ് NB.1.8.1 ന്റെ ഒന്നിലധികം കേസുകള്‍ കണ്ടെത്തി.

കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, വിര്‍ജീനിയ, ന്യൂയോര്‍ക്ക് സിറ്റി ഏരിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ NB.1.8.1 വകഭേദവുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലഭ്യമായ വിവരം അനുസരിച്ച് ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തായ്ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, വിയറ്റ്നാം, ചൈന, തായ്വാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരിലാണ് പുതിയ കോവിഡ് കേസുകളുള്ളത്. ഏപ്രില്‍ 22 മുതല്‍ മെയ് 12 വരെ യാത്രക്കാരെ പരിശോധിച്ചതില്‍ നിന്നാണ് വൈറസ് ബാധ കണ്ടെത്തിയത്.

അതേസമയം, വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് പുറമെ ഒഹായോ, റോഡ് ഐലന്‍ഡ്, ഹവായ്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.