
വത്തിക്കാൻ സിറ്റി ∙ തികച്ചും അപ്രതീക്ഷിതമായാണ് യുഎസിലെ ഷിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി – ലിയോ പതിനാലമനായി തിരഞ്ഞെടുക്കപ്പെടുന്നത്. കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) യുടെ പേര് സ്വീകരിച്ചതോടെ നയം വ്യക്തമാക്കിയിരിക്കുകയാണ് പുതിയ മാർപാപ്പ; സഭ ദരിദ്രർക്കും പോരാടുന്നവർക്കുമൊപ്പം നിലനിൽക്കും.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തിന്റെ ജനനം. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിൻ ഓർഡറിൽ സഭയിൽ ചേർന്നു.
987-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാടു സ്വീകരിച്ചു.
ലാറ്റിനമേരിക്കൻ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികൾ നേരിട്ടനുഭവിച്ച അദ്ദേഹം‘ദരിദ്രർക്കായുള്ള സഭ’ എന്ന ദർശനത്തിന്റെ വക്താവായി.
2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു, ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2 വർഷത്തിനുള്ളിൽ മാർപാപ്പ പദവിയിൽ!
സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം യുവജനങ്ങളുമായി വളരെ കാര്യമായി ആശയവിനിമയം നടത്തുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്നത് പാശ്ചാത്യലോകത്ത് സഭയുടെ സ്വാധീനം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
യുഎസിൽ നിന്നൊരു പാപ്പ എന്നത് അസാധ്യമെന്നു കരുതിയിരുന്നവരുടെ പ്രവചനങ്ങൾ തെറ്റിച്ചാണ് കർദിനാൾ റോബർട്ട് പ്രെവോസ്ത് തിരഞ്ഞെടുക്കപ്പെട്ടത്. കർദിനാൾ പ്രെവോസ്തിനു സാധ്യത കൽപിച്ചവർ അദ്ദേഹത്തിന്റെ ഇരട്ട പൗരത്വവും (യുഎസ്, പെറു), മിഷനറി പ്രവർത്തനവും ബിഷപ്പുമാരെ സംബന്ധിച്ച വത്തിക്കാൻ വകുപ്പിന്റെ ചുമതലക്കാരനെന്നതിൽ വോട്ടർമാർക്കുള്ള പരിചയവും എടുത്തു പറഞ്ഞിരുന്നു.
The new pope guardian of the visions of Leo XIII, who promoted social justice.