
വി എസിനൊപ്പമാണ് സംസ്ഥാനത്തും രാജ്യമൊമ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച. ഒരു കെട്ട കാലത്തിൽ നിന്ന് കേരളം ഇന്ന് കാണുന്ന വികസനത്തിൻ്റെയും മുന്നേറ്റവും ഉയർച്ചയിലേക്ക് എത്തുന്നതും വി എസിനൊപ്പമാണ്. വി എസ് ചേർത്തുപിടിച്ച ജനതയും വി എസിനൊപ്പം വളർന്നു. അച്ഛനെയും അമ്മയും നഷ്ടപ്പെട്ട് കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിൽ നിൽക്കുന്നതിനിടെ കയർ ഫാക്ടറിയിൽ പണിക്കുപോയ വിഎസിൽ ഒരു വിപ്ലവ തീജ്വാലയുണ്ടെന്ന് കണ്ടെത്തിയതും പാർട്ടിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതും സഖാവ് പി കൃഷ്ണപിള്ളയായിരുന്നു.
ലോകത്ത് കമ്മ്യൂണിസം വികസിച്ചു തുടങ്ങുന്ന കാലത്ത് 1923 ഒക്ടോബർ 20 നാണ് വിഎസ് പുന്നപ്രയിൽ ജനിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ അലയൊലികൾ ഇന്ത്യയിലും ലോകത്തെങ്ങും ഉയരുന്ന കാലത്ത് ബിബിൻ ചന്ദ്രപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ലെനിന്റെ വിപ്ലവ ആശയങ്ങളോട് അടുക്കുകയും വിഎസിന് രണ്ടു വയസ്സുള്ളപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് രൂപം കൊണ്ടു.
എന്നാൽ കേരളത്തിൽ 1939 ലാണ് കണ്ണൂർ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുന്നത്. ആ സമയത്ത് വിഎസിന് 16 വയസാണ്. പിന്നീട് കേരളത്തിലെ തൊഴിലാളി സമരത്തിന്റെ സമരമുഖമായി പിന്നീട് മാറിയ പുന്നപ്രയിൽ പാർട്ടിയുടെ ആദ്യ അംഗത്വം അച്യുതാനന്ദന്റേതായിരുന്നു. 1943ൽ ബോംബെയിൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് നടന്നത്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്ന് വിളിക്കാവുന്നത്. അതിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ ആളായി അന്ന് വി എസ് മാറി.
1946ലാണ് സിപിഐയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർക്കെതിരെ പുന്നപ്ര വയലാർ സമരം നടക്കുന്നത്. വി എസ് അച്യുതാനന്ദന്റെ വിപ്ലവ ജീവിതത്തിന്റെ ഗതി മാറ്റിയതും പുന്നപ്ര വയലാർ സമരമായിരുന്നു. അമേരിക്കൻ മോഡൽ ഭരണം ആഗ്രഹിച്ച ദിവാൻ സിപിയുടെ ആലപ്പുഴയിലെ ക്രൂരമായ തൊഴിലാളി വിരുദ്ധതയ്‌ക്കെതിരയാണ് 1946 ഒക്ടോബർ 24 പുന്നപ്ര വയലാർ സമരങ്ങൾ തുടങ്ങുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിക്കേണ്ടിവന്ന തൊഴിലാളി പ്രതിഷേധത്തിന് ശേഷം 27 നാണ് വെടിവെപ്പ് നടക്കുന്നത്.
അന്ന് യുവാവായിരുന്ന വി.എസ് സർ സിപിക്കെതിരായ സമരങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. വി എസ് പൂഞ്ഞാറിൽ വച്ച് പിടിയിലാകുന്നത് പിറ്റേദിവസം 28നാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവ ചരിത്രങ്ങളിൽ രക്തം എന്ന ഇമേജിന് വളരെയധികം പ്രാധാന്യമാണുള്ളത്. രക്തരൂക്ഷിതമായ ആ വിപ്ലവകാലത്ത് പൊലീസിൽ നിന്ന് കൊടിയ മർദനമാണ് വി എസിന് ഏറ്റുവാങ്ങേണ്ടി വന്നത്. പൂഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ആദ്യം വി എസ്സിന് മർദനമേറ്റത്. പിന്നീട് പാലാ ഔട്ട്‌പോസ്റ്റിൽ കൊണ്ടുപോയി തല്ലിച്ചതച്ചു. ഇടിയൻ നാരായണപിള്ള എന്ന കുപ്രസിദ്ധനായ എസ് ഐ ബയണറ്റ് കുത്തിയിറക്കിയതിന്റെ പാടുകൾ വി എസ്സിന്റെ കണങ്കാലിൽ ജീവിതകാലത്തുടനീളം മായാതെ കിടന്നു.
1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ സ്വാതന്ത്ര്യം കിട്ടാതെ ജയിലിൽ കഴിഞ്ഞ രണ്ടു നേതാക്കളാണ് എകെജിയും വിഎസ്സും. എകെജി കണ്ണൂർ സെൻട്രൽ ജയിലിലും വി എസ് തിരുവനന്തപുരം സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞിരുന്നത്. പിന്നീട് വിഎസ് പാർട്ടിയിൽ നല്ല സ്വാധീനം ഉള്ള യുവനേതാവായി മാറുകയായിരുന്നു. പിന്നീട് സർക്കാരിനെ ഉപദേശിക്കാനുള്ള ഒൻപതംഗ പാർട്ടി സമിതിയിലെ ചെറുപ്പക്കാരനായി വിഎസ് മാറി. കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ദേവികുളത്ത് നടക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രചാരണ ചുമതലും വി എസ്സിനായിരുന്നു.
മാവോയുടെ എതിർപ്പുകളും അതുണ്ടാക്കിയ ഗതിമാറ്റവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും പയ്യെ പിളർപ്പിലേക്ക് നയിക്കാൻ തുടങ്ങുകയായിരുന്നു. 1964ലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്. സിപിഐയും സിപിഐഎമ്മും പിളരുന്ന വേളയിൽ 1964ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ വിഎസ്സ് ഉൾപ്പെട്ടിരുന്നു.അന്ന് കേരളത്തിൽ സിപിഐഎം ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നയാൾ.
1965ൽ അമ്പലപ്പുഴയിൽ നിന്നായിരുന്നു ആദ്യജനവിധി. ആർക്കും സർക്കാർ ഉണ്ടാക്കാൻ കഴിയാതെ ഫലം വന്ന ആ തെരഞ്ഞെടുപ്പിൽ വി എസ്സ് തോറ്റു. പക്ഷേ 1967 ൽ അതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് വി എസ് സഭയിലെത്തി. ഇതിനിടയിൽ തന്നെ ചൈനീസ് ചാരന്മാരെന്ന് ആരോപിച്ചും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും ഒക്കെ നിരവധി ജയിൽവാസങ്ങൾ വിഎസ്സിന് അനുഭവിക്കേണ്ടി വന്നു. 1965 മുതൽ 2016 വരെ 10 നിയമസഭാ തിരഞ്ഞെടുപ്പുകൾ വി എസ് വിജയിച്ചു .
1980 മുതൽ 1992 വരെ വി എസ്സ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.. വിഎസ്സിന്റെ ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് നടത്തവും നിത്യപ്രതിപക്ഷമെന്ന സ്വഭാവവും തെളിയിക്കുന്ന കാലഘട്ടമായിരുന്നു അത്. എൽഡിഎഫ് ഭരണത്തിലിരിക്കുമ്പോൾപ്പോലും വി എസ്സ് എന്ന ഇടതുനേതാവ് പ്രതിപക്ഷത്തിന്റെ ദൗത്യം നിർവഹിക്കുക തന്നെ ചെയ്തു. പരിസ്ഥിതിയും മണ്ണും അഴിമതിയും ഒക്കെയായി ബന്ധപ്പെട്ട വിഎസ്സിന്റെ നിലപാടുകൾ അത്രത്തോളം കണിശമായിരുന്നു.
2006ൽ മലമ്പുഴയിൽ നിന്ന് ജയിച്ചാണ് ജയിച്ചാണ് വി എസ്സ് മുഖ്യമന്ത്രി ആകുന്നതെങ്കിലും ആ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ വി എസ്സിന്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല. വി എസ്സ് വരണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെ കേന്ദ്രനേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത്.