
ടെക്സസ് : രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദ്യാർഥികളെ കണ്ടെത്താൻ കോളജുകൾക്കും സർവകലാശാലകൾക്കും ടെക്സസ് ഉന്നത വിദ്യാഭ്യാസ കോർഡിനേറ്റിങ് ബോർഡ് നിർദേശം നൽകി. ടെക്സസ് ഉന്നത വിദ്യാഭ്യാസ കോർഡിനേറ്റിങ് ബോർഡ് കമ്മീഷണർ വിൻ റോസർ കഴിഞ്ഞ ആഴ്‌ച കോളജ് പ്രസിഡന്റുമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്‌ഥാനത്ത് കുറച്ചുകാലമായി താമസിക്കുന്ന രേഖകളില്ലാത്ത, വിദ്യാർഥികൾക്ക് സംസ്ഥാനത്തെ താമസക്കാർക്കുള്ള ട്യൂഷൻ നിരക്കിന് അർഹത നൽകുന്ന 2001 ലെ ടെക്‌സസ് ഡ്രീം ആക്‌ടിൻ്റെതിരെ യുഎസ് നീതിന്യായ വകുപ്പ് സംസ്ഥാനത്തിനെതിരെ കേസ് ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർദ്ദേശം. ടെക്സസ് ഡ്രീം ആക്‌ട് അനുസരിച്ച്, യുഎസ് പൗരന്മാരല്ലാത്തതോ ഇൻ-സ്‌റ്റേറ്റ് ട്യൂഷന് അപേക്ഷിക്കുന്ന സ്‌ഥിര താമസക്കാരോ അല്ലാത്തവിദ്യാർഥികൾ, യോഗ്യത നേടിയാലുടൻ നിയമപരമായ സ്‌ഥിരതാമസത്തിനായി ശ്രമിക്കുമെന്ന് സത്യവാങ്മൂലത്തിൽ ഒപ്പിടേണ്ടതുണ്ട്. ഫെഡറൽ സാമ്പത്തിക സഹായത്തിന് യോഗ്യതയില്ലാത്തതിനാൽ രേഖകളില്ലാത്ത വിദ്യാർഥികൾ പലപ്പോഴും സംസ്‌ഥാന സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാറുണ്ട്.
കോളജുകളിൽ അപേക്ഷിക്കുമ്പോൾ വിദ്യാർഥികൾ പൗരത്വത്തിൻ്റെ രേഖകൾ ഹാജരാക്കുകയോ അവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ വെളിപ്പെടുത്തുകയോ ചെയ്യേണ്ടതില്ല വീസയില്ലാതെ ഇവിടെ എത്തുന്ന വിദ്യാർഥികളുടെ പൗരത്വ നില കോളജുകൾ അപൂർവമായി മാത്രമേ നിരീക്ഷിക്കാറുള്ളുവെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് കൊളീജിയറ്റ് റജിസ്ട്രാർ ആൻഡ് അഡ്മിഷൻ ഓഫീസർമാരുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മെലാനി ഗോട്ലീബ് പറഞ്ഞു. വിദ്യാർഥികളിൽ നിന്ന് അവരുടെ ഇമിഗ്രേഷൻ സ്‌റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. കോളജിൽ അപേക്ഷിക്കുന്നവരുടെ എണ്ണത്തെ ഗണ്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഗോട്ലീബ് പറഞ്ഞു.















