
ചെന്നൈ : ഉത്തരേന്ത്യയില്‍ ഒരു പുരുഷന് 10 സ്ത്രീകളെ വരെ വിവാഹം ചെയ്യാമെന്നും, എന്നാല്‍ തമിഴ് സംസ്‌കാരത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീയെമാത്രമാണ് വിവാഹം കഴിക്കുകയെന്നും വിവാദ പരാമര്‍ശവുമായി തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ഫണ്ട് വിഹിതം നിഷേധിക്കുന്നതിനെയും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെയും സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്ന ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിച്ചതിനെയും അപലപിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തില്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ തമിഴിനെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. തമിഴ് ജനത അപരിഷ്‌കൃതരാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സംസ്‌കാരത്തില്‍, ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, ഒരു പുരുഷന് അഞ്ചോ പത്തോ സ്ത്രീകളെ വിവാഹം കഴിക്കാം. അതുപോലെ, അഞ്ച് പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. ഇപ്പോള്‍, നിങ്ങള്‍ ഞങ്ങളെ അപരിഷ്‌കൃതരെന്ന് വിളിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിക്കും,’ അദ്ദേഹം പറഞ്ഞതിങ്ങനെ.