
വാഷിംഗ്ടണ്‍ : യുഎസിലെ പ്രധാന കാലാവസ്ഥാ വെബ്സൈറ്റ് അടച്ചുപൂട്ടി
ട്രംപ് ഭരണകൂടം. സമഗ്രമായ ദേശീയ കാലാവസ്ഥാ വിലയിരുത്തലുകള്‍ ഉള്‍പ്പെടെ നിരവധി കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന യുഎസ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാമിന്റെ വെബ്സൈറ്റിനാണ് പൂട്ടുവീണത്. വെബ്‌സൈറ്റ് ഇനി പ്രവര്‍ത്തിക്കില്ലെന്ന് നാസ വക്താവും അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പോലും മനസ്സിലാക്കാവുന്ന രീതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിശദീകരിക്കുന്ന സംവേദനാത്മക വെബ്പേജുകള്‍, വീഡിയോകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിവരങ്ങള്‍ യു.എസ്. ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാം സൈറ്റ് നല്‍കിയിരുന്നു.
15 ഫെഡറല്‍ അംഗ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന യുഎസ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാം (USGCRP) വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി വഴിയാണ് കൈകാര്യം ചെയ്തിരുന്നത്. നാസയാണി ഇനി ചുമതല ഏറ്റെടുക്കുകയെന്ന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസിയിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വിക്ടോറിയ ലാസിവിറ്റ എബിസി ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ എതിര്‍പ്പിനിടെ ഏപ്രിലില്‍, നാല് വര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഫെഡറല്‍ നിര്‍ബന്ധിത റിപ്പോര്‍ട്ടിനെ ഏകോപിപ്പിക്കുന്ന യുഎസ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാമിനുള്ള ധനസഹായം റദ്ദാക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2028 ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ആറാമത്തെ ദേശീയ കാലാവസ്ഥാ വിലയിരുത്തലില്‍ റിപ്പോര്‍ട്ടിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടുകയും ചെയ്തു.
ഏപ്രില്‍ പകുതി മുതല്‍, യുഎസ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാം ഹോംപേജിന്റെ മുകളില്‍ ഒരു ചെറിയ അറിയിപ്പുണ്ടായിരുന്നു ‘USGCRP യുടെ പ്രവര്‍ത്തനങ്ങളും ഘടനയും നിലവില്‍ അവലോകനത്തിലാണ്.’ എന്നായിരുന്നു അത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് തിങ്കളാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റ് സജീവമല്ലെന്നാണ് കാണിക്കുന്നത്.