
വാഷിംഗ്ടണ്‍ : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യുന്നാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക ഉയര്‍ത്തി അമേരിക്ക. മഡുറോ മൂന്നാമതും അധികാരമേറ്റതിനു പിന്നാലെയാണ് അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള പ്രതിഫല തുക 25 മില്യണ്‍ ഡോളറില്‍ നിന്നും 50 മില്യണ്‍ ഡോളറായി ഇരട്ടിയാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണ്’ എന്നാണ് മഡുറോയെ അമേരിക്ക വിശേഷിപ്പിക്കുന്നത്.
വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയ മഡുറോയുടെ ദീര്‍ഘകാല വിമര്‍ശകനാണ് യുഎസ് പ്രസിഡന്റ് ട്രംപ്. ഫലങ്ങള്‍ അന്താരാഷ്ട്ര സമൂഹം വ്യാപകമായി നിരാകരിച്ചെങ്കിലും മഡുറോ സ്ഥാനത്ത് തുടരുകയാണ്. മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി മഡുറോയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍, മഡുറോ നേരത്തെതന്നെ അത്തരം അവകാശവാദങ്ങള്‍ നിഷേധിച്ചിരുന്നു.