
വാഷിങ്ടൺ: ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന. ഹൈപ്പർസോണിക് റോക്കറ്റ് പരീക്ഷണപദ്ധതിയാണ് യുഎസ് വ്യോമസേന റദ്ദാക്കിയത്. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോൺസ്റ്റൺ അറ്റോളിയിൽ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങൾ തീരുമാനിച്ചിരുന്നത്.
എന്നാൽ യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് വ്യോമസേന ഇതിൽ നിന്ന് പിൻമാറുകയാണെന്ന് റിപ്പോർട്ട് ചെയ്തു. ജൈവശാസ്ത്രജ്ഞരും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി റദ്ദാക്കുന്നതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
പദ്ധതി വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടൽപ്പക്ഷികൾക്ക് ഭീഷണിയായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വ്യോമസേന പാരിസ്ഥിതിക വിലയിരുത്തലിന് പദ്ധതിയിട്ടിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. വ്യോമസേന റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങൾ തിരയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സ്പേസ് എക്സ് വികസിപ്പിച്ച വാണിജ്യ റോക്കറ്റുകൾ ഉൾപ്പെടെ വിക്ഷേപിക്കാൻ സാധിക്കുന്ന വിദൂരകേന്ദ്രമാണ് വ്യോമസേന തിരയുന്നത് എന്നാണ് റിപ്പോർട്ട്.