
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. ഭരണ സ്തംഭനം തടയാനുള്ള ധനാനുമതി ബില്‍ യു.എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം വട്ടമാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ഇതോടെ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു.
അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനെത്തുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇക്കുറി സെനറ്റില്‍ പരാജയപ്പെട്ടത്. ബില്‍ പാസ്സാകാന്‍ 60 വോട്ടുകള്‍ ആവശ്യമായിരുന്നു. സെനറ്റര്‍ കാതറിന്‍ കോര്‍ട്ടെസ് മാസ്റ്റോ , ആംഗസ് കിംഗ് എന്നിവര്‍ വീണ്ടും പാര്‍ട്ടി പരിധി ലംഘിച്ച് റിപ്പബ്ലിക്കന്‍മാരുടെ പക്ഷം ചേര്‍ന്നു. മുമ്പ് ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്ന സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ തിങ്കളാഴ്ച വോട്ട് ചെയ്തില്ല.
തിങ്കളാഴ്ച നടന്ന പ്രസംഗത്തില്‍, മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ചക്ക് ഷുമര്‍ തങ്ങളുടെ നിലപാട് ‘അതേപടി തുടരുന്നു’ എന്ന് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപിന്റെ ഗവണ്‍മെന്റ് അടച്ചുപൂട്ടലിന്റെ മറ്റൊരു ആഴ്ചയിലേക്ക് ഞങ്ങള്‍ പ്രവേശിക്കുന്നു, റിപ്പബ്ലിക്കന്‍മാര്‍ ജോലി ചെയ്യാതിരിക്കുന്നതില്‍ സന്തോഷിക്കുന്നു, ചര്‍ച്ചകള്‍ നടത്താതിരിക്കുന്നതില്‍ സന്തോഷിക്കുന്നു, 20 ദശലക്ഷത്തിലധികം തൊഴിലാളി-മധ്യവര്‍ഗ അമേരിക്കക്കാര്‍ക്ക് ആരോഗ്യ സംരക്ഷണ പ്രീമിയങ്ങള്‍ വര്‍ദ്ധിക്കാന്‍ അനുവദിക്കുന്നതില്‍ സന്തോഷിക്കുന്നു,’ ഷുമര്‍ ഭരണകൂടത്തെ കടന്നാക്രമിച്ചു.
‘നമ്മുടെ രാജ്യം ഒരു ആരോഗ്യ സംരക്ഷണ ദുരന്തത്തിലേക്ക് ഉറ്റുനോക്കുകയാണ്, റിപ്പബ്ലിക്കന്‍മാര്‍ ഈ ആഴ്ച വൈറ്റ് ഹൗസില്‍ അവധിക്കാലം ആഘോഷിക്കുകയോ പെപ് റാലികള്‍ നടത്തുകയോ ചെയ്യും, സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യണം, പക്ഷേ ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ക്ക് ജോലി ചെയ്യാതെ ശമ്പളം ലഭിക്കുന്നു.’- ഷൂമര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്.
വാഷിംഗ്ടണിലും രാജ്യത്തുടനീളവും ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ‘നോ കിംഗ്‌സ്’ റാലികള്‍ നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വോട്ടെടുപ്പ് വന്നത്. അതേസമയം, ഈ പ്രതിസന്ധി അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടുമെന്നതിന് സൂചനകളും കുറവാണ്. ഷട്ട്ഡൗണ്‍ നാലാമത്തെ ആഴ്ചയിലേക്കും നവംബറിലേക്കും നീണ്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
The US Senate on Monday voted against reopening the federal government for the 11th time.














