മാര്‍ മാത്യു മാക്കില്‍ പിതാവിൻ്റെ ധന്യന്‍ പ്രഖ്യാപനം ക്രിസ്തുരാജ കത്തീഡ്രലില്‍ നടത്തി, മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികവും ആചരിച്ചു

കോട്ടയം: ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിനെ 2025 മെയ് 22-ാം തീയതി ലെയോ 14-ാമന്‍ മാര്‍പാപ്പ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും കോട്ടയം അതിരൂപതയുടെ ത്രിതീയ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികാചരണവും സംയുക്തമായി ക്രിസ്തുരാജ കത്തീഡ്രലില്‍ നടത്തി.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ദീപം തെളിച്ചു. സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ സന്ദേശം നല്കി. ക്‌നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാര്‍ മാക്കീല്‍ പിതാവ് പഴയനിയമത്തിലെ പൂര്‍വ്വ യൗസേപ്പിന്റെ പ്രതീകമാണെന്ന് അനുസ്മരിച്ചു.

ക്‌നാനായ സമുദായത്തെ നെഞ്ചിലേറ്റി സമുദായത്തിന്റെ ചക്രവാളങ്ങള്‍ മനസ്സില്‍ കിനാവുകണ്ട ഒരു സ്വപ്നക്കാരനായിരുന്നു മാക്കില്‍ പിതാവ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പിന്നീടുവന്ന പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരും കരം ചേര്‍ത്തതാണ് ഇന്ന് കോട്ടയം അതിരൂപതയുടെ സുസ്ഥിതിക്ക് പ്രധാന കാരണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

പൂര്‍വ്വപിതാക്കന്മാര്‍ മനസ്സില്‍ കൊണ്ടുനടന്ന വ്യതിരക്തതയാണ് ക്‌നാനായ സമുദായത്തിന്റെ വ്യക്തിത്വത്തിന്റെ അടയാള നക്ഷത്രം. ക്‌നാനായ സമുദായം ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വംശപരമ്പരയുടെ പ്രതീകമാണ്. ക്‌നാനായ സമുദായം സീറോമലബാര്‍ സഭയുടെ വിവേകത്തിന്റെ അടയാള നക്ഷത്രമാണെന്നും മാര്‍ തട്ടില്‍ സൂചിപ്പിച്ചു. സമുദായത്തിന്റെ വിവേകവും വിശുദ്ധിയും കഠിന പരിശ്രമവും സിറോമലബാര്‍ സഭയ്ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള വത്തിക്കാന്റെ ഡിക്രി ചാന്‍സിലര്‍ റവ. ഡോ. തോമസ് ആദോപ്പള്ളി വായിച്ചു.

വി. കുര്‍ബാനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് തറയില്‍, അതിരൂപതയിലെ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ മാക്കില്‍ പിതാവ് യഥാര്‍ത്ഥത്തില്‍ ഒരു വിശുദ്ധനാണെന്ന് ദിവ്യബലിമധ്യേ നടത്തിയ സന്ദേശത്തില്‍ മാര്‍ മൂലക്കാട്ട് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ പഠിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയായിരുന്നു. ജീവിതപാതയില്‍ വിവിധങ്ങളായ ക്ലേശങ്ങള്‍ ഉണ്ടായപ്പോള്‍ സഭയോടു ചേര്‍ന്നുനിന്ന് അതെല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നു തിരിച്ചറിയാനുള്ള കഴിവ് പിതാവിനുണ്ടായിരുന്നു. അതുപോലെ പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ക്‌നാനായ കത്തോലിക്കര്‍ക്കായി കോട്ടയം വികാരിയാത്തും വിസിറ്റേഷന്‍ സമൂഹവും ഉണ്ടായതുതന്നെ. ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് സഭയോടു ചേര്‍ന്നുനിന്നാണ് അദ്ദേഹം എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്.

ദൈവീക പദ്ധതികളെ തിരിച്ചറിയാനുള്ള വിശുദ്ധി പിതാവിനുണ്ടായിരുന്നു. ദൈവീക പദ്ധതികളോടു ചേര്‍ന്നുനിന്ന് ഏറെ നിശ്ചയദാര്‍ഢ്യത്തോടെ വിനയത്തിലും വിശുദ്ധിയിലും കടന്നുവന്ന് സഭയോടൊപ്പം മുന്നോട്ടുപോകുവാന്‍ കഴിഞ്ഞതാണ് ഇന്നു നാം ആയിരിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കിയതെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മാര്‍ തോമസ് തറയില്‍ പിതാവിന്റെ മന്ത്രാ പ്രാര്‍ത്ഥനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ജോസ് തറയില്‍ എന്നിവര്‍ നേതൃത്വം നല്കി.

അനുസ്മരണ സമ്മേളനത്തില്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം സ്വാഗതം പറഞ്ഞു. വൈദിക സമിതി സെക്രട്ടറി ഫാ. അബ്രഹാം പറമ്പേട്ട്, കെ.സി.സി. അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം., കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സി. ലിസി മുടക്കോടില്‍, സി. ആലീസ് വട്ടംതൊട്ടിയില്‍, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം ഫാ. തോമസ് ആദോപ്പള്ളി എഴുതിയ ‘വിശുദ്ധിയിലേക്കുള്ള വീഥി’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന് കോപ്പി നല്കി നിര്‍വഹിച്ചു. സി. ആലീസ് വട്ടംതൊട്ടിയില്‍ എഴുതിയ ‘സ്‌നേഹതീര്‍ത്ഥം’ രണ്ടാംഭാഗത്തിന്റെ പ്രകാശനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഫാ. ജോസ് തറയിലിന് കോപ്പി നല്കിയും സി. മേഴ്‌സിലിറ്റ് എസ്.വി.എം. എഴുതിയ ‘പുണ്യചരിതനായ ധന്യന്‍ മാര്‍ മാത്യു മാക്കില്‍’ എന്ന പുസ്തകം മാര്‍ മാത്യു മൂലക്കാട്ട് സി. ഇമ്മാക്കുലേറ്റ് എസ്.വി.എം-ന് നല്കിയും നിര്‍വഹിച്ചു. കൂടാതെ ധന്യന്‍ മാക്കില്‍ പിതാവിനെയും മാര്‍ തറയില്‍ പിതാവിനെയുംകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ചടങ്ങില്‍ ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ, ജസ്റ്റിസ് സിറിയക് ജോസഫ്, തോമസ് ചാഴികാടന്‍ എക്‌സ്.എം.പി., സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ., പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍ , കെ.സി.ഡബ്ല്യു.എ. അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

The veneration of Mar Mathew Mackill was held at Christ the King Cathedral kottayam

More Stories from this section

family-dental
witywide