നാലാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കർ ടൂർണമെൻറ് ജൂൺ 21 ന്

ന്യൂയോർക്ക്: വെസ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നാലാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കർ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ജൂൺ 21 ന് ന്യൂ റോഷെലിൽ ഫ്ലവർസ് പാർക്ക് സോക്കർ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കൗണ്ടി എക്സിക്യൂട്ടീവ് കെൻ ജെൻകിൻസ് രാവിലെ ഒമ്പത് മണിക്ക് നിർവഹിക്കും. ചടങ്ങിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഷെല്ലി ബി മേയർ മുഖ്യാതിഥിയാകും.

ഓപ്പൺ വിഭാഗത്തിന് പുറമെ 35 വയസിനും 45 വയസിനും മേലെയുള്ള ടീമുകൾക്ക് പ്രത്യേക മത്സരങ്ങൾ ഉണ്ടാകുമെന്നും ടൂർണമെൻറിൽ ആകെ 14 ടീമുകൾ പങ്കെടുക്കുമെന്നും ക്ലബ് പ്രസിഡന്റ് ഷാജി കോശി, സെക്രട്ടറി ജിതിൻ വർ​ഗീസ് , സ്പോർട്സ് കോർഡിനേറ്റർ പ്രിൻസ് തോമസ്, നിബു ജേക്കബ് എന്നിവർ അറിയിച്ചു.


അന്നേ ദിവസം രണ്ട് മണിമുതൽ ഇന്ത്യ കഫേ റെസ്റ്റോറന്റ് നടത്തുന്ന തട്ടുകടയും പ്രവർത്തിക്കും. ടൂർണമെൻറ് നടത്തുവാൻ സഹായം ചെയ്യുന്ന എല്ലാ സ്പോൺസർമാരെയും നന്ദിയോടെ ഓർക്കുന്നുവെന്നും ന്യൂയോർക്കിലെ എല്ലാ സോക്കർ പ്രേമികളെയും ടൂർണമെന്റിലേക്ക് ക്ഷണിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.