
ഹോങ്കോങ്: ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങൾക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് സാധാരണ പ്രസിദ്ധനല്ല. പതിറ്റാണ്ടുകളായി ചൈനയുടെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിൽ, തന്‍റെ 12 വർഷത്തെ ഭരണത്തിനിടെ ഗൗരവക്കാരനും സ്ഥിരതയുള്ള ഭരണാധികാരിയുമായാണ് അദ്ദേഹം ഭരണകൂട മാധ്യമങ്ങളിലൂടെ അറിയപ്പെടുന്നത്. എന്നാൽ, വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങൾ ഷി ജിൻപിങ്ങിന്‍റെ മറ്റൊരു മുഖം കാണിക്കുന്നു. അത് രാജ്യത്തിനകത്ത് പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ കാണാത്ത ഒന്നാണ്.
ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ പങ്കെടുത്ത ഷി, ബുസാനിലെ ഗിംഹേ എയർ ബേസിൽ വെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളുടെ നേതാക്കൾ സോയാബീൻസ്, ഫെന്റനൈൽ, അപൂർവ ധാതുക്കൾ, ഹൈ-എൻഡ് കമ്പ്യൂട്ടർ ചിപ്പുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കും എന്നതിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
എന്നാൽ കടുത്ത നയതന്ത്ര സംഭാഷണങ്ങൾക്കപ്പുറം, വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഇരു നേതാക്കളും തമ്മിലുള്ള അപൂർവമായ ചില സ്വകാര്യ നിമിഷങ്ങൾ പകർത്തി. സ്യൂട്ടണിഞ്ഞ നയതന്ത്രജ്ഞർ നിറഞ്ഞ മുറിയിൽ, ട്രംപ് ചർച്ചാ മേശയ്ക്ക് കുറുകെ കൈ നീട്ടി ഷിയെ ഒരു കടലാസ് കാണിക്കുന്ന ചിത്രം പുറത്തുവന്നു. ആ പേപ്പറിൽ എഴുതിയതോ അച്ചടിച്ചതോ എന്താണെന്ന് വ്യക്തമല്ല. മറ്റൊരു ചിത്രത്തിൽ, ചൈനീസ് നേതാവ് കണ്ണുകളടച്ച് ചിരിക്കുന്നതായും, തൊട്ടടുത്ത് വിദേശകാര്യ മന്ത്രി വാങ് യി ചിരിക്കുന്നതായും കാണാം. രണ്ട് ദിവസങ്ങൾക്ക് ശേഷം, ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ മ്യൂങ്ങുമായി സമ്മാനങ്ങൾ കൈമാറുമ്പോൾ ഷി ഒരു തമാശ പറയുന്നതിൻ്റെ ദൃശ്യങ്ങളും റോയിട്ടേഴ്സ് വീഡിയോയിൽ പകർത്തി.











