
ലിയോ പതിനാലാമൻ മാർപാപ്പയെ ആദരിക്കാൻ ഒരുങ്ങി ഷിക്കാഗോയിലെ വൈറ്റ് സോക്സ് ബേസ് ബോൾ ക്ളബ്. ഒരു ഗ്രാഫിക് ഇൻസ്റ്റലേഷൻ ഷിക്കാഗോ വൈറ്റ് സോക്സ് തിങ്കളാഴ്ച അനാച്ഛാദനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചിക്കാഗോക്കാരനായ കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായി മേയ് എട്ടിന് ചുമതല ഏറ്റ അന്നു മുതൽ ആഘോഷത്തിലാണ് ക്ലബ്. ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച പാപ്പ വൈറ്റ് സോക്സ് ആരാധകനാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോൺ പറയുന്നു.
റേറ്റ് ഫീൽഡിലാണ് ഗ്രാഫിക് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. പോപ്പ് ഷിക്കാഗോ വൈറ്റ് സോക്സിനു വേണ്ടി ആർപ്പുവിളിച്ച സ്ഥലമാണ് അത് എന്ന് വൈറ്റ് സോക്സ് അവകാശപ്പെടുന്നു. പാപ്പയുടെ ഷിക്കാഗോ പാരമ്പര്യത്തേയും ലോക വേദിയിൽ ബേസ്ബോൾ എങ്ങനെ ഐക്യശക്തിയാകും എന്നതിനേയും അടിസ്ഥാനമാക്കിയാവും ഇൻസ്റ്റലേഷൻ .
കുടുംബ സുഹൃത്തായ പരേതനായ എഡ് ഷ്മിറ്റിനൊപ്പം പോപ്പ് കളിയിൽ പങ്കെടുത്തിട്ടുണ്ട് എന്ന് വൈറ്റ് സോക്സ് അവകാശപ്പെടുന്നു.
സമീപ വർഷങ്ങളിൽ കളിക്കളത്തിൽ പ്രകടനമികവു പുലർത്താത്ത വൈറ്റ് സോക്സും അവരുടെ ആരാധകരും പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വലിയ ആവേശത്തിലാണ്. പാപ്പ പ്രഖ്യാപനത്തിന് ശേഷം വത്തിക്കാനിലേക്ക് ഒരു ജേഴ്‌സിയും തൊപ്പിയും അയച്ചതായി ടീം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് റിഗ്ലി ഫീൽഡിൽ വൈറ്റ് സോക്സ് ആരാധകരുടെ ഒരു കൂട്ടം പോപ്പിന്റെ വേഷം ധരിച്ച് കളി കാണാൻ എത്തിയിരുന്നു.
The White Sox baseball club will unveil a graphic installation to honor Pope Leo XIV