
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളിലും ഉപകരണക്ഷാമമുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. എല്ലാവർക്കും ഉപകരണ ക്ഷാമത്തെക്കുറിച്ച് അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. താൻ പോസ്റ്റിട്ടത് വിവാദമുണ്ടാക്കനല്ല. തുറന്നുപറയാൻ തനിക്കും ഭയമുണ്ടായിരുന്നു. ഉപകരണങ്ങൾ വാങ്ങിയ ശേഷം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നും ഡോ. ഹാരിസ് ചോദിച്ചു. രോഗികളാണ് പല ഉപകരണങ്ങളും വാങ്ങിത്തരുന്നത്. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തി.
അതേസമയം, ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡിഎംഇ പ്രതികരിച്ചത്. ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.