
കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെയും ജാമ്യത്തെയും പിന്തുടര്‍ന്നുള്ള പാംപ്ലാനിയുടെ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി, അദ്ദേഹം അവസരവാദിയാണെന്നും ഇത്തരത്തില്‍ ശക്തമായി അവസരവാദം പ്രകടിപ്പിക്കുന്ന മറ്റൊരാള്‍ ഇല്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പാംപ്ലാനി, ജാമ്യം ലഭിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്തുതിച്ചതിനെ ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇത്തരം മനംമാറ്റങ്ങള്‍ ക്രിസ്ത്യാനികള്‍ക്കോ മുസ്ലിംകള്‍ക്കോ കമ്മ്യൂണിസ്റ്റുകള്‍ക്കോ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയമായെന്നും ഗോവിന്ദന്‍ ആരോപിച്ചു. ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ ആരംഭിച്ചതായും, പ്രത്യേകിച്ച് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഇത് നടക്കുന്നതായും ഗോവിന്ദന്‍ ആരോപിച്ചു. അതേസമയം, രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.