
ലണ്ടൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പുതിയ റാങ്കിംഗിൽ യുഎസ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനത്തേക്ക് കൂപ്പുകുത്തി. ജൂലൈ 22ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക (Henley Passport Index) പ്രകാരം, സിംഗപ്പൂർ പൗരന്മാർക്ക് 227 ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ 193 ഇടങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്‍റേതാണ്.
കഴിഞ്ഞ 20 വർഷത്തിലേറെയായി, നിക്ഷേപ സ്ഥാപനമായ ഹെൻലി & പാർട്ണേഴ്‌സ് ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കി, ഒരു പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാം എന്നതിനെ ആശ്രയിച്ചാണ് പാസ്‌പോർട്ട് ശക്തി റാങ്ക് ചെയ്യുന്നത്.
ഈ വർഷം, ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ജപ്പാനും ദക്ഷിണ കൊറിയയും ഇടം നേടി. തൊട്ടുപിന്നിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുണ്ട്.
എന്നാൽ, യുകെയും യുഎസ്സും നിരവധി സ്ഥാനങ്ങൾ പിന്നോട്ട് പോയി. ഈ വർഷം യുഎസ് പത്താം സ്ഥാനത്തേക്കെത്തി. 2014ൽ യുഎസ് ഒന്നാം സ്ഥാനത്തായിരുന്നു. അതേസമയം, ഇന്ത്യ വെറും ആറ് മാസത്തിനുള്ളിൽ 85-ൽ നിന്ന് 77-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇപ്പോൾ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര സാധ്യമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ 80-ലധികം പാസ്‌പോർട്ടുകൾ കുറഞ്ഞത് 10 സ്ഥാനങ്ങളെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഹെൻലി & പാർട്ണേഴ്‌സ് പറയുന്നു.