
ഹോര്‍മോണല്‍ തകരാറുമായി ബന്ധപ്പെട്ട വരുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഎസ് ഇന്ന് നിരവധി സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ്. അണ്ഡാശയത്തില്‍ നിന്നും പുരുഷ സെക്സ് ഹോര്‍മോണായ ആന്‍ഡ്രോജനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് മൂലം അണ്ഡാശയത്തിന് ആര്‍ത്തവസമയത്ത് മുട്ടകള്‍ ശരിയായി ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഇത് ആര്‍ത്തവചക്രത്തെ ബാധിക്കുകയും വന്ധ്യതാ പ്രശ്നങ്ങളിലേക്കും വരെ നയിച്ചേക്കാവുന്ന ഒന്നാണ്.

പിസിഒഎസ് ബാധിച്ചവരില്‍ പ്രധാനമായും കാണപ്പെടുന്ന ചില ലക്ഷണങ്ങളാണ് ക്രമം തെറ്റിയ ആര്‍ത്തവം, പെട്ടെന്ന് ഭാരം കൂടല്‍, അമിതമായ ശരീര രോമങ്ങള്‍, മുഖക്കുരു, മുടിയുടെ ഉള്ള് കുറയല്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, ശരീരത്തിന്റെ മടക്കുകളില്‍ നിറ വ്യത്യാസം തുടങ്ങിയവ. ഭക്ഷണക്രമത്തിലും വ്യായാമത്തിലും അടക്കം വരുത്തുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം, ആരോഗ്യകരമായ കൊഴുപ്പ് , ആന്റി ഓക്സിഡന്റുകള്‍ എന്നിവ അധികം അടങ്ങിയ മെഡിറ്ററേനിയന്‍ ഡയറ്റ് വളരെ സഹായകരമാകും.

ഓട്മീല്‍, ബ്രൗണ്‍ റൈസ്, ക്വിനോവ എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്നുകളും ബ്രോക്കളി, ഗ്രീന്‍ ബീന്‍സ്, വഴുതനങ്ങ പോലുള്ള പച്ചക്കറികളും ചീര, കെയ്ല്‍ പോലുള്ള പച്ചിലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബ്ലാക്ക് ബീന്‍സ്, കിഡ്നി ബീന്‍സ് പോലുള്ള പയര്‍ വര്‍ഗ്ഗങ്ങള്‍, മീന്‍, കക്കയിറച്ചി, വാള്‍നട്ട്, പിസ്ത, സൂര്യകാന്തി വിത്ത്, ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്. വെള്ളരി, ബെറി പഴം, സിട്രസ് പഴങ്ങള്‍ എന്നിവ ചേര്‍ത്ത വെറും വെള്ളം ശീലമാക്കാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിയന്ത്രിച്ച് കടലയോ നട്സോ കഴിക്കാം. സ്റ്റാര്‍ച്ച് ഇല്ലാത്ത പച്ചക്കറികള്‍ വച്ച് നിങ്ങളുടെ പ്ലേറ്റിന്റെ പകുതിയെങ്കിലും നിറയ്ക്കുന്നത് ഗുണം ചെയ്യും.

വൈറ്റ് ബ്രഡ്, അരി, പാസ്ത, ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍, ഉരുളക്കിഴങ് ചിപ്സ്, പോര്‍ക്ക്, ബീഫ് പോലുള്ള റെഡ്മീറ്റ്, പഞ്ചസാര അധികമായി ചേര്‍ത്ത ഇന്‍സ്റ്റന്റ് ഓട്മീല്‍, വൈറ്റ് റൈസ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് മികച്ച ഗുണം നല്‍കും. ഭക്ഷണം മാത്രം പോരാ, ജീവിത ശൈലിയിലെ തെറ്റായ കാര്യങ്ങള്‍ മാറ്റുകയും വ്യായാമം ശീലമാക്കുകയും ചെയ്യണം.