
മദ്യപിച്ച് ഫിറ്റായപ്പോൾ പറ്റിയ ഒരു അബദ്ധം തിരുത്തി നല്ല കള്ളൻ. താൻ മോഷ്ടിച്ച രണ്ട് മാൻഡോലിനുകൾ ( സംഗീത ഉപകരണം) മ്യൂസിക് സ്റ്റോറിൽ തന്നെ തിരികെ കൊണ്ടു വയ്ക്കുകയും സ്വന്തം കൈപ്പടയിൽ ഒരു മാപ്പ് എഴുതുകയും ചെയ്തു.Sorry I been drunk, Merry, Christmas, You are good man. എന്നായിരുന്നു കുറിപ്പ്. ന്യൂജേഴ്‌സിയിലാണ് സംഭവം
ന്യൂജേഴ്‌സിയിലെ ഒരു വിന്റേജ് ഗിറ്റാർ കടയായ ലാർക്ക് സ്ട്രീറ്റ് മ്യൂസിക്സിൽനിന്നായിരുന്നു ഡിസംബർ 22ന് മാൻഡോലിനുകൾ മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ കള്ളൻ സംഗീത ഉപകരണങ്ങൾ മോഷ്ടിച്ച് ജാക്കറ്റിനുള്ളിലാക്കി കടന്നു കളയുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. കടയുടമയായ ബസ്സി ലെവിൻ ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും കള്ളനെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. മാൻഡോലിനുകളുടെ വില യഥാക്രമം $3,500 ഡോളറും $4,250 ഡോളറുമമാണെന്ന് ആണെന്ന് ലെവിൻ പറഞ്ഞു.
ഇന്നലെ, കള്ളനെന്ന് ‘കരുതുന്ന’ ആ മനുഷ്യൻ രഹസ്യമായി കടയുടെ മുൻവാതിൽ തുറന്ന് രണ്ട് ഷോപ്പിംഗ് ബാഗുകളിലായി മാൻഡോലിനുകൾ തിരികെ വയ്ക്കുകയായിരുന്നു. കടയുടമ അത് കണ്ട് അവിടേക്ക് എത്തുമ്പോളേക്കും അയാൾ തെരുവിലൂടെ ഓടിപ്പോയി. താൻ പൊലീസിൽ വിവരം അറിയച്ചെങ്കിലും അയാളെ കണ്ടെത്താനായില്ല എന്ന് കടയുടമ പറഞ്ഞു.













