എപ്സ്റ്റീൻ ഫയൽസിൽ നിയമം ലംഘിച്ച് ട്രംപ് സർക്കാർ; 10 ശതമാനം രേഖകൾ മാത്രം പുറത്തുവിട്ടെന്ന് ആരോപണം, പലതും കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ നിലയിൽ

വാഷിംഗ്ടൺ: ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്ന നിയമം അമേരിക്കൻ സർക്കാർ ലംഘിച്ചതായി ആരോപണം. ഡിസംബർ 19-നകം എല്ലാ ഫയലുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് നിയമമുണ്ടായിരുന്നിട്ടും, അതിന്റെ ചെറിയൊരു ഭാഗം മാത്രം പുറത്തുവിട്ട് സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി കുറ്റപ്പെടുത്തി.

ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം റോബർട്ട് ഗാർസിയ ആണ് സർക്കാരിനെതിരെ രംഗത്തെത്തിയത്. “ഇത് പൂർണ്ണമായും നിയമലംഘനമാണ്. പൊതുജനങ്ങൾക്ക് സെർച്ച് ചെയ്യാൻ കഴിയുന്ന രീതിയിൽ എല്ലാ ഫയലുകളും ഇന്ന് പുറത്തുവിടേണ്ടതായിരുന്നു. എന്നാൽ അത് നടന്നില്ല,” സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ പുറത്തുവിട്ട രേഖകളിൽ ഭൂരിഭാഗവും നേരത്തെ കോടതി കേസുകളിലൂടെ പുറത്തുവന്നവയാണെന്നും പുതിയ വിവരങ്ങൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സർക്കാർ കൈവശമുള്ള വിവരങ്ങളുടെ ഏകദേശം 10 ശതമാനം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ പകുതിയും നേരത്തെ തന്നെ പൊതുരേഖകളിൽ ലഭ്യമായിരുന്നു. ബാക്കിയുള്ളവയിൽ മിക്ക ഭാഗങ്ങളും കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ നിലയിലാണ്. ഫയലുകൾ പരിശോധിച്ചുവരികയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ രേഖകൾ പുറത്തുവിടാൻ കഴിയുമെന്നുമാണ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കിയത്. എന്നാൽ ഈ കാലതാമസം നിയമവിരുദ്ധമാണെന്ന് ഗാർസിയ ചൂണ്ടിക്കാട്ടി. “ഇതൊരു സുതാര്യമായ നടപടിയല്ല. പാസാക്കപ്പെട്ട നിയമം ഇതല്ല,” എന്ന് പറഞ്ഞ അദ്ദേഹം, എല്ലാ ഫയലുകളും ഉടനടി പുറത്തുവിടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide